Thursday, May 2, 2024
keralaNewspolitics

ക്ഷേത്ര പ്രവേശന വിളംബരം: ദേവസ്വം ബോര്‍ഡ് ഇറക്കിയ നോട്ടീസ് പിന്‍വലിക്കും

തിരുവനന്തപുരം: ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികത്തിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇറക്കിയ നോട്ടീസിനെ ചൊല്ലി വിവാദം. രാജകുടുംബത്തെ വാഴ്ത്തുന്ന നോട്ടീസ് നാടുവാഴിത്തത്തെ പ്രോത്സാഹിപ്പിക്കുകയും ക്ഷേത്രപ്രവേശനത്തിനായുള്ള പോരാട്ടത്തെ വിസ്മരിക്കുന്നുവെന്നുമാണ് വിമര്‍ശനം. പിശക് പറ്റിയെന്ന് നോട്ടീസ് തയ്യാറാക്കിയ ദേവസ്വം സാംസ്‌ക്കാരിക വിഭാഗം ഡയറക്ടര്‍ സമ്മതിക്കുമ്പോള്‍ നോട്ടീസ് പിന്‍വലിക്കണമെന്നാണ് ഇടത് അനുഭവികളടക്കം ആവശ്യപ്പെടുന്നു ദേവസ്വം ബോര്‍ഡ് തിങ്കളാഴ്ച സംഘടിപ്പിക്കുന്ന ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87ാം വാര്‍ഷിക പരിപാടിയുടെ നോട്ടീസാണ് വിവാദത്തില്‍. അടിമുടി രാജഭക്തിയാണ് ബോര്‍ഡിന്റെ നോട്ടീസില്‍, രാജകുടുംബത്തോടുള്ള അമിതബഹുമാനം പ്രകടം, പരിപാടിയിലെ അതിഥികളായ രാജകുടുംബാംഗങ്ങളെ വിശേഷിപ്പിക്കുന്നത് രാജ്ഞിമാര്‍ എന്നും തമ്പുരാട്ടിമാര്‍ എന്നും, ക്ഷേത്രപ്രവേശനത്തിന് കാരണം തന്നെ രാജാവിന്റെ കരുണയാണെന്ന് വരെ തോന്നിപ്പിക്കുന്നുവെന്നാണ് കടുത്ത വിമര്‍ശനം.ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ. അനന്തഗോപനാണ് ഉദ്ഘാടനം. ഇടത് സര്‍ക്കാറിന്റെ കീഴിലെ ഇടത് നേതാവു കൂടി പ്രസിഡണ്ടായ ബോര്‍ഡ് ഇത്തരമൊരു നോട്ടീസ് ഇറക്കരുതായിരുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനം ഉയരുന്നത്. നാടുവാഴിത്തത്തെ പ്രോത്സാഹിപ്പിക്കുന്ന നോട്ടീസ് ക്ഷേത്രപ്രവേശനത്തിനായി നടന്ന ഐതിഹാസിക പോരാട്ടത്തെ വിസ്മരിച്ചെന്നും കുറ്റപ്പെടുത്തലുണ്ട്. പ്രയോഗങ്ങളില്‍ ചില പിഴവുണ്ടായെന്നും വിവാദമാക്കേണ്ടെന്നും നോട്ടീസ് തയ്യാറാക്കിയ ദേവസ്വം ബോര്‍ഡിന് കീഴിലെ സാംസ്‌ക്കാരിക പുരാവസ്തു ഡയറക്ടര്‍ ബി മധുസൂദനന്‍ നായര്‍ പറഞ്ഞു. നോട്ടീസില്‍ ദേവസ്വം മന്ത്രിക്കും കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. വിവാദം മുറുകുന്ന സാഹചര്യത്തില്‍ നോട്ടീസ് പിന്‍വലിച്ച് പുതുക്കിയിറക്കാനും സാധ്യതയുണ്ട്.