Wednesday, May 8, 2024
keralaNews

പാലാരിവട്ടം പാലം തുറന്നു; തൊഴിലാളികള്‍ക്ക് മാത്രം നന്ദി പറഞ്ഞ് മുഖ്യമന്ത്രി

ഔദ്യോഗിക ചടങ്ങുകള്‍ ഉണ്ടായില്ലെങ്കിലും ആഘോഷം ഒട്ടും കുറയാതെ പാലാരിവട്ടം മേല്‍പാലം തുറന്നു. ഇന്നലെ വൈകിട്ട് 3.45നാണു ഗതാഗതത്തിനു തുറന്നു കൊടുത്തത്. ഇടപ്പള്ളി ഭാഗത്തു നിന്നു മന്ത്രി ജി. സുധാകരന്റെ വാഹനം ആദ്യമായി പാലത്തിലൂടെ കടന്നുപോയി. കൊടികള്‍ വീശിയും മുദ്രാവാക്യം വിളിച്ചും സിപിഎം പ്രവര്‍ത്തകരുടെ ബൈക്ക് റാലി മന്ത്രിയുടെ വാഹനത്തിന് അകമ്പടിയായി. 3.20നു പാലത്തിന്റെ വൈറ്റില ഭാഗത്ത് എത്തിയ മന്ത്രി സുധാകരന്‍ അവിടെ നിന്ന് പാലത്തിലൂടെ നടന്നു മറുവശത്തെത്തി.

ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ പ്രതികൂല വിധി ഉണ്ടായിരുന്നില്ലെങ്കില്‍ ഒരു വര്‍ഷത്തിനു മുന്‍പു തന്നെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കി പാലം തുറന്നു കൊടുക്കാന്‍ കഴിയുമായിരുന്നുവെന്നു ജി. സുധാകരന്‍ പറഞ്ഞു. ഏറെ നേരത്തേ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ ഇ. ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു മന്ത്രി നന്ദി പറഞ്ഞു.പാലം തുറന്നതിനു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതുവഴി കടന്നു പോയി.നിര്‍മാണ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് 2019 മേയ് 1 മുതല്‍ പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. മേല്‍പാലത്തിനു താഴെ സിഗ്നല്‍ ഇല്ലാത്ത രീതിയിലാണു ഗതാഗതം ക്രമീകരിച്ചിട്ടുള്ളത്.

തൊഴിലാളികള്‍ക്ക് മാത്രം നന്ദി പറഞ്ഞ് മുഖ്യമന്ത്രിജര്‍മന്‍ എഴുത്തുകാരന്‍ ബെര്‍തോള്‍ഡ് ബ്രെഹ്തിനെ ഉദ്ധരിച്ച് പാലാരിവട്ടം പാലം നിര്‍മിച്ച തൊഴിലാളികള്‍ക്കു നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവായിരുന്ന ഇ.ശ്രീധരന്റെ പേരു പരാമര്‍ശിക്കാതെയാണു മുഖ്യമന്ത്രിയുടെ കുറിപ്പ്. ‘തീബ്‌സിലെ 7 കവാടങ്ങള്‍ നിര്‍മിച്ചതാരാണ്?

പുസ്തകങ്ങള്‍ നിറയെ രാജാക്കന്മാരുടെ പേരുകളാണ്. പരുക്കന്‍ പാറകളുയര്‍ത്തി അവ പടുത്തത് രാജാക്കന്മാരാണോ?’ എന്ന ബ്രെഹ്തിന്റെ കവിതയിലെ വരികളാണു മുഖ്യമന്ത്രി ഉദ്ധരിച്ചത്. മാസമെടുക്കുമെന്നു കരുതിയ പാലം നിര്‍മാണം 6 മാസത്തിനകം തീര്‍ക്കാനായതില്‍ തൊഴിലാളികളോട് നാടു കടപ്പെട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.