Thursday, May 2, 2024
keralaNewsObituary

കര്‍ഷകന്റെ ആത്മഹത്യ: മുഖ്യമന്ത്രി ഉത്തരം നല്‍കണം; കെ സുരേന്ദ്രന്‍

ആലപ്പുഴ: കുട്ടനാട്ടില്‍ നെല്‍ കര്‍ഷകന്‍ ആത്മഹത്യ സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാരിന്റെ കൊലപാതകം തന്നെയാണ് പ്രസാദിന്റെ മരണമെന്ന് അദ്ദേഹം ആരോപിച്ചു.

സര്‍ക്കാരിന്റെ മനസാക്ഷിയില്ലാത്ത നയങ്ങളാണ് കര്‍ഷകന്റെ ആത്മഹത്യക്ക് പിന്നില്‍. ഇത്ര ക്രൂരമായ, മനസാക്ഷിയില്ലാത്ത മുഖ്യമന്ത്രിയെ കേരളം ഇതുവരെ കണ്ടിട്ടില്ല. മുഖ്യമന്ത്രി ഇതിന് ഉത്തരം നല്‍കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.കേന്ദ്രം അനുവദിക്കുന്ന തുകയെങ്കിലും സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് കൊടുത്തിരുന്നെങ്കില്‍ ഈ ആത്മഹത്യകളൊന്നും തന്നെ കേരളത്തില്‍ നടക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന തുക കര്‍ഷകര്‍ക്ക് നേരിട്ട് കൊടുക്കാതെ സര്‍ക്കാര്‍ അത് വകമാറ്റി ചെലവഴിക്കുകയാണ്. കര്‍ഷകര്‍ ലോണ്‍ എടുക്കുന്നത് സര്‍ക്കാര്‍ തിരിച്ചടയ്ക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രം അനുവദിക്കുന്ന നെല്ലിന്റെ വിലയില്‍ നാലില്‍ മൂന്ന് ഭാഗവും നല്‍കുന്നത് കേന്ദ്രമാണ്.

ഈ തുക കര്‍ഷകര്‍ക്ക് നേരിട്ട് കൊടുക്കാതെ സര്‍ക്കാര്‍ അത് വകമാറ്റി ചെലവഴിക്കുകയാണ്. എന്നിട്ട് കര്‍ഷകരോട് ബാങ്കില്‍ നിന്ന് ലോണെടുക്കണമെന്ന് പറയുകയാണ്. അങ്ങനെ കര്‍ഷകരെടുക്കുന്ന ലോണ്‍ സര്‍ക്കാര്‍ തിരിച്ചടയ്ക്കുന്നില്ല. ഇതുകാരണം തുടര്‍കൃഷിക്ക് ബാങ്കുകള്‍ വീണ്ടും ലോണ്‍ കൊടുക്കുന്നില്ലെന്നതാണ് പച്ചയായ സത്യം.

യഥാര്‍ത്ഥ്യത്തില്‍ കേന്ദ്രം അനുവദിക്കുന്ന തുകയെങ്കിലും സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് കൊടുത്തിരുന്നെങ്കില്‍ ഈ ആത്മഹത്യകളൊന്നും തന്നെ കേരളത്തില്‍ നടക്കില്ലായിരുന്നു-അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.