Saturday, May 4, 2024
keralaNews

ക്ലിഫ് ഹൗസിലേക്ക് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം.

തിരുവനന്തപുരം: ക്ലിഫ് ഹൗസിലേക്ക് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ സംഘര്‍ഷഭരിതമായ സ്ഥിതിയായി. ഇവിടെ പൂര്‍ണമായും ഗതാഗതം സ്തംഭിച്ചു. ഇവിടെ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കുട്ടിയെക്കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ചതില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

പിരിഞ്ഞ് പോകാന്‍ തയ്യാറാകാതെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ കുത്തിയിരിക്കുകയാണ്. രാവിലെ 11 മണിയോടെ കിഴക്കേകോട്ടയില്‍ നിന്ന് തുടങ്ങിയ മാര്‍ച്ചാണ് ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ വച്ച് പൊലീസ് തടഞ്ഞത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് പോകാന്‍ ശ്രമിച്ചതോടെ സംഘര്‍ഷമായി.

 

 

 

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനനേതാക്കളടക്കം പങ്കെടുത്ത മാര്‍ച്ചാണ് സംഘര്‍ഷത്തിലെത്തിയത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുകയാണ് പൊലീസ് എന്നാരോപിച്ചാണ് സംഘടന മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചത്. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത്, പൊലീസ് ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ വച്ചേ മാര്‍ച്ച് തടയുകയായിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡ് ചാടിമറിഞ്ഞ് കടക്കാന്‍ ശ്രമിച്ചതോടെയാണ് സ്ഥിതി സംഘര്‍ഷത്തിലേക്ക് വഴിമാറിയത്.പൊലീസാദ്യം ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് കണ്ണീര്‍ വാതകം പ്രയോഗിച്ചു. എന്നിട്ടും സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വസതിക്ക് അടുത്ത് ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ ഇപ്പോഴും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാന്‍ തയ്യാറാകാതെ പല സംഘങ്ങളായി കുത്തിയിരിക്കുകയാണ്. സംസ്ഥാനനേതാക്കള്‍ ഇവരെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നുണ്ട്. തീര്‍ത്തും സംഘര്‍ഷാത്മകമായ സ്ഥിതിയാണ് തലസ്ഥാനനഗരത്തില്‍. സംഘര്‍ഷം ഇനിയും ഉടലെടുക്കാന്‍ സാധ്യത കണക്കിലെടുത്ത്, കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുമുണ്ട്.