Tuesday, May 7, 2024
indiaNewspolitics

ക്രിമിനല്‍ നിയമ പരിഷ്‌കരണ ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: ക്രിമിനല്‍ നിയമ പരിഷ്‌കരണ ബില്ലുകള്‍ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ അംഗീകാരം. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവയ്ക്കാണ് രാഷ്ട്രപതി ഇന്ന് അംഗീകാരം നല്‍കിയത്. ഐ.പി.സി, സി.ആര്‍.പി.സി, എവിഡന്‍സ് ആക്റ്റ് എന്നിവയ്ക്ക് പകരമുള്ള ബില്ലുകളാണ് ഇത്.

ഡിസംബര്‍ 20ന് ലോക്‌സഭയും ഡിസംബര്‍ 21ന് രാജ്യസഭയും പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചിരിക്കുകയായിരുന്നു. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ബില്ലുകള്‍ രാജ്യത്തെ നിയമമായി.ഇന്ത്യന്‍ പീനല്‍ കോഡിന് (ഐപിസി) പകരം ഭാരതീയ ന്യായ സംഹിതയും, സിആര്‍പിസിക്ക് പകരം നാഗരിക് സുരക്ഷാ സംഹിതയും, ഇന്ത്യന്‍ എവിഡന്‍സ് ആക്ടിന് പകരം ഭാരതീയ സാക്ഷ്യ അധീനിയവും അവതരിപ്പിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇരുസഭകളിലും ബില്ലുകള്‍ അവതരിപ്പിച്ചത്. ഓഗസ്റ്റ് 11-ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആദ്യ ബില്ലുകള്‍ സ്റ്റാന്‍ഡിം?ഗ് കമ്മിറ്റിക്ക് വിട്ടിരുന്നു.ഭാരതീയ ന്യായ സംഹിതയില്‍ 358 വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയില്‍ 531 വിഭാഗങ്ങളുണ്ടാകും 177 വകുപ്പുകള്‍ക്കാണ് ബില്ലില്‍ മാറ്റമുള്ളത്.

ഒമ്പത് പുതിയ വകുപ്പുകളും 39 പുതിയ ഉപവകുപ്പുകളും കൂട്ടിചേര്‍ത്തിട്ടുണ്ട്. 14-ളം വകുപ്പുകള്‍ റദ്ദാക്കുകയേ നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഭാരതീയ സാക്ഷ്യ അധീനിയത്തില്‍ 170 വകുപ്പുകള്‍ ഉണ്ടായിരിക്കും. 24 വ്യവസ്ഥകള്‍ക്ക് മാറ്റമുണ്ട്. അധികമായി രണ്ട് പുതിയ വ്യവസ്ഥകളും ആറ് ഉപവ്യവസ്ഥകളും കൂട്ടിച്ചേര്‍ക്കുകയും ആറ് വ്യവസ്ഥകള്‍ റദ്ദാക്കുകയോ നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ട്.

പുതിയ നിയമങ്ങള്‍ പ്രകാരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ക്രിമിനല്‍ കുറ്റമാവും. ഭരണകൂടത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ കുറ്റകരമാക്കുന്ന വകുപ്പ് ഒഴിവാക്കി. ഭാരതീയ ന്യായ സംഹിതയില്‍ 150-ാം വകുപ്പ് രാജ്യദ്രോഹത്തെ നിലനിര്‍ത്തിയിട്ടുണ്ട്. അറസ്റ്റിനുശേഷമുള്ള ആദ്യത്തെ പതിനഞ്ചുദിവസമാണ് ഏതു കേസിലും നിലവിലെ പോലീസ് കസ്റ്റഡിക്കാലാവധി.

ഇതിനപ്പുറവും കസ്റ്റഡി നീട്ടാനാകുന്ന വ്യവസ്ഥ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലുണ്ട്. പുതിയ നിയമങ്ങള്‍ പ്രകാരം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ഭീകരപ്രവര്‍ത്തനമാകും.