Wednesday, May 8, 2024
keralaNewspolitics

നവകേരള സദസ്സില്‍ അതിശയകരമായ സംയമനമെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: നവകേരള സദസ്സില്‍ സംയമനം കാണിക്കണമെന്ന് പറഞ്ഞത് നാട്ടുകാര്‍ അനുസരിച്ചു. കോണ്‍ഗ്രസ് വിചാരിച്ച പ്രകോപനം ഉണ്ടാക്കാനായില്ലെന്നും, അതിശയകരമായ സംയമനമെന്ന് കണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ പറഞ്ഞു. സംഘര്‍ഷഭരിതമാക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിച്ചു. പക്ഷേ ഒന്നും നടന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് വ്യാപകമായി പാര്‍ട്ടി പ്രവര്‍ത്തകരുടേയും പൊലീസിന്റേയും മര്‍ദ്ദനമേറ്റത് വിമര്‍ശിക്കപ്പെടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

നവകേരളസദസിന് സുരക്ഷയൊരുക്കിയ പൊലീസുകാര്‍ക്ക് ഗുഡ് സര്‍വ്വീസ് എന്‍ട്രി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രതിഷേധങ്ങളെ അടിച്ചൊതുക്കിയ പൊലീസ് നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയരുമ്പോഴാണ് പ്രകടനം വിലയിരുത്തി പാരിതോഷികം നല്‍കാനുള്ള പൊലീസ് നീക്കം. അതിക്രമം രക്ഷാപ്രവര്‍ത്തനമാണെന്ന് പറഞ്ഞുള്ള മുഖ്യമന്ത്രിയുടെ പിന്തുണക്ക് പിന്നാലെയാണ് സമ്മാനം.പ്രതിഷേധങ്ങളെ മുഴുവന്‍ അടിച്ചൊതുക്കിയായിരുന്നു കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള നവകേരള സദസ്സിന്റെ യാത്ര.

കരിങ്കോടി പ്രതിഷേധത്തെ സിപിഎംകാര്‍ക്കൊപ്പം പൊലീസും മുഖ്യമന്ത്രിയുടെ ഗണ്‍മാനും എസ്‌കോര്‍ട്ട് സ്റ്റാഫും വരെ പ്രോട്ടോക്കോള്‍ ലംഘിച്ചുതല്ലിച്ചതച്ചു. പ്രതിപക്ഷം അതിശക്തമായി വിമര്‍ശനം ഉന്നയിക്കുകയും കോടതി കയറുകയും ചെയ്ത പൊലീസ് നടപടിക്കാണിപ്പോള്‍ നവകേരള സമ്മാനം. സ്തുത്യര്‍ഹ സേവനം കാഴ്ച വെച്ച എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഗുഡ് സര്‍വ്വീസ് എന്‍ട്രി നല്‍കാന്‍ മേലധികാരികള്‍ക്ക് ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്കുമാര്‍ നിര്‍ദ്ദേശം നല്‍കി.

കൂടുതല്‍ മികച്ച സേവനം നല്‍കിയവര്‍ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് പാരിതോഷികം നല്‍കേണ്ടതുണ്ടെങ്കില്‍ പേര് വിവരങ്ങള്‍ ശുപാര്‍ശ ചെയ്യാനും നിര്‍ദ്ദേശമുണ്ട്. ഇന്നലെ വൈകീട്ടാണ് ഐജിമാര്‍ക്ക് ഡിഐജിമാര്‍ക്കും എസ്പിമാര്‍ക്ക് എഡിജിപിയുടെ സന്ദേശമെത്തിയത്.അടിച്ചൊതുക്കലിനെ രക്ഷാദൗത്യമാക്കി ന്യായീകരിക്കന്ന മുഖ്യമന്ത്രിയുടെ നടപടിക്ക് പിന്നാലെയാണ് എഡിജിപിയുടെ പാരിതോഷികം വ്യാപക വിമര്‍ശനം ഉയര്‍ന്ന പൊലീസ് നടപടിയെ പൂര്‍ണ്ണമായും ആഭ്യന്തരവകുപ്പ് ന്യായീകരിച്ച് അംഗീകരിക്കുന്നു.

മികച്ച കുറ്റാന്വേഷണം, അസാധാരണ സാഹചര്യം കാര്യക്ഷമമായ ഇടപെടല്‍ എന്നിവക്കാണ് സാധാരണ ഗുഡ് സര്‍വ്വീസ് എന്‍ട്രി നല്‍കാറുള്ളത്. സമരക്കാരെ അടിച്ച ഗണ്‍മാന്‍ വരെ പാരിതോഷിക പട്ടികയില്‍ വരുമോ എന്നാണ് ഇനി അറിയേണ്ടത്. എല്ലാ പ്രതിസന്ധികാലത്തും സര്‍ക്കാറിനെ കയ്യയച്ച് സഹായിച്ച് ഇടപെടുന്ന എഡിജിപിയുടെ പലതവണ വിവാദത്തിലായിരുന്നു. സേനക്കുള്ളിലെ അതൃപ്തിയുണ്ടായിരുന്നു. വിജിലന്‍സ് മേധാവിയായിരിക്കെ സ്വപ്ന സുരേഷിനെ ഇടനിലക്കാരന്‍ വരെ സ്വാധീനിക്കാന്‍ ശ്രമിച്ചതോടെ സ്ഥാനചലനമുണ്ടായി. പക്ഷേ, അതിവേഗം സര്‍ക്കാര്‍ പിന്നെ നിയമിച്ചത് ക്രമസമാധാന ചുമതലയുള്ള എഡിജിപി തസ്തികയില്‍.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതടക്കം സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെല്ലാം ചെയ്തുള്ള എഡിജിപിയുടെ വിവാദ നടപടികളുടെ തുടര്‍ച്ചയാണ് ഗുഡ് സര്‍വ്വീസ് എന്‍ട്രി തീരുമാനം.