Saturday, May 11, 2024
indiaNews

കോവിഡിനും കൊടും തണുപ്പിനും പിന്നാലെ ഹൂതി ആക്രമണം; കുതിച്ചുയര്‍ന്ന് ക്രൂഡ് വില

സൗദി എണ്ണ സംഭരണ കേന്ദ്രങ്ങളിലേക്കു ഹൂതി ആക്രമണം തുടര്‍ന്നതോടെ ക്രൂഡ് ഓയില്‍ വില ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 70.47 ഡോളറായി. കഴിഞ്ഞ ദിവസം 1.14 ഡോളറാണ് വര്‍ധിച്ചത്. ഒരു വര്‍ഷത്തിനിടെ ഇതാദ്യമായാണ് ബ്രെന്‍ഡ് ക്രൂഡ് വില 70 കടക്കുന്നത്. എണ്ണ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഉല്‍പാദനം വര്‍ധിപ്പിച്ച് വില നിയന്ത്രിക്കണമെന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സൗദിയോട് അഭ്യര്‍ഥിച്ചെങ്കിലും അതിനു തയാറായിരുന്നില്ല. വില കുറഞ്ഞ സമയത്ത് നല്‍കിയ എണ്ണ ഉപയോഗിക്കണമെന്ന് സൗദി ആവശ്യപ്പെടുകയും ചെയ്തു.

ഇതിനു പിന്നാലെയാണു സ്ഥിതി കൂടുതല്‍ വഷളാക്കി കഴിഞ്ഞ ദിവസങ്ങളില്‍ സൗദിയിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദക കമ്പനിയായ അരാംകോയുടെ സംഭരണ കേന്ദ്രങ്ങളിലേക്ക് ആക്രമണങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായിരിക്കുന്നത്. അമേരിക്കന്‍ എണ്ണയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. 2.26 ഡോളര്‍ വര്‍ധിച്ച് ബാരലിന് 66.9 ഡോളറാണ് അമേരിക്കന്‍ എണ്ണ വില. ഈ സാഹചര്യം തുടര്‍ന്നാല്‍ ഇനിയും എണ്ണവില വര്‍ധിക്കുമെന്ന് വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഏപ്രിലില്‍ ലോകത്തിന്റെ എണ്ണ ആവശ്യം 6.3 ദശലക്ഷം ബാരല്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ഇങ്ങനെ വന്നാല്‍ ബാരലിന് 70 മുതല്‍ 75 ഡോളര്‍ വരെയാകും എണ്ണവില എന്ന മുന്നറിയിപ്പും വിദഗ്ധര്‍ നല്‍കുന്നു.കോവിഡ് വാക്‌സീന്‍ വിതരണം ശക്തമായതോടെ മഹാമാരി ഒഴിയുമെന്ന പ്രതീക്ഷ വിപണിയില്‍ വര്‍ധിച്ചതാണ് ഈ വര്‍ഷം ആദ്യം എണ്ണവിലയും ഉയര്‍ത്തിയത്. ഇതിനു പിന്നാലെ അമേരിക്കയിലെ ടെക്‌സസ് ഉള്‍പ്പടെയുള്ള തെക്കന്‍ പ്രവിശ്യകളില്‍ ഉണ്ടായ അതിശൈത്യം മൂലം ഉല്‍പാദനം കുറഞ്ഞതു വീണ്ടും വര്‍ധന വരുത്തി. പ്രതിദിനം 40 ലക്ഷം ബാരല്‍ എണ്ണയുടെ ഉല്‍പാദനമാണ് കുറഞ്ഞത്. ഇതു മൂലം ആദ്യമായി ഈ വര്‍ഷം എണ്ണവില അറുപതിനു മുകളിലേക്കും ഉയര്‍ന്നു. ഇതിനൊപ്പം വിവിധ രാജ്യങ്ങളിലെ വിപണികളും സജീവമായതോടെ എണ്ണ ആവശ്യം വീണ്ടും വര്‍ധിച്ചു. ഇതും വില ഉയര്‍ത്തി. ഇതിനു പിന്നാലെയാണ് സൗദിയില്‍ ഹൂതി ആക്രമണങ്ങളുണ്ടായിരിക്കുന്നത്.

എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെകിനോട് ഉല്‍പാദനത്തിനു മേലുള്ള നിയന്ത്രണങ്ങള്‍ മാറ്റി കൂടുതല്‍ എണ്ണ ഉല്‍പാദിപ്പിക്കണമെന്ന് വിവിധ രാജ്യങ്ങള്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷമായി തുടര്‍ന്ന വിപണി മാന്ദ്യവും വിലയിടിവും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട എണ്ണ ഉല്‍പാദക രാഷ്ടങ്ങള്‍ അതിനു മടിച്ചു. തുടര്‍ന്നാണു റാസ് തനൂര എണ്ണ സംഭരണ കേന്ദ്രങ്ങളിലേക്കും അരാംകോ ജീവനക്കാരുടെ താമസയിടങ്ങളിലേക്കും ഹൂതി ആക്രമണങ്ങളുണ്ടായത്. തിരിച്ചടിച്ച് യമനിലെ ഹൂതി ശക്തികേന്ദ്രങ്ങളിലേക്ക് സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളും കഴിഞ്ഞ ആഴ്ച സ്ഥിതി കൂടുതല്‍ രൂക്ഷമാക്കി. ഇനിയും കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്നും തിരിച്ചടി നല്‍കേണ്ടി വരുമെന്നുമെന്നുമുള്ള കണക്കൂകൂട്ടലിലാണ് സൗദി.എരിതീയില്‍ എണ്ണ ഒഴിക്കും പോലെ വീണ്ടും കഴിഞ്ഞദിവസങ്ങളില്‍ ആക്രമണങ്ങളുണ്ടായി. ആളപായമൊന്നും ഉണ്ടായില്ലെങ്കിലും തങ്ങള്‍ക്കു നേരെ മാത്രമല്ല ലോകത്തില്‍ ഊര്‍ജ പ്രതിസന്ധി സൃഷ്ടിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഇത്തരം ആക്രമണങ്ങളെന്നാണ് സൗദിയുടെ വിലയിരുത്തല്‍. 2019 സെപ്റ്റംബറില്‍ സൗദിയിലെ അബ്‌ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളില്‍ ആക്രമണം നടന്നപ്പോള്‍ ഒറ്റദിവസം കൊണ്ട് എണ്ണവില 14% വര്‍ധിച്ചിരുന്നു. അന്ന് സൗദിയുടെ എണ്ണ ഉല്‍പാദനം 5% കുറയുകയും കയറ്റുമതി പകുതിയാകുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനം ശക്തമായതോടെ സ്ഥിതി അതീവ ഗുരുതരമായി. രാജ്യങ്ങള്‍ വിമാനത്താവളങ്ങള്‍ അടച്ചതും ആളുകള്‍ യാത്ര ഉപേക്ഷിച്ചതും എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളുടെ നില പരുങ്ങലിലാക്കി.

അമേരിക്കയിലെ പല കമ്പനികളും പൂട്ടി. പതിനായിരങ്ങള്‍ക്കാണു ജോലി നഷ്ടമായത്. പല കമ്പനികളും പാപ്പര്‍ ഹര്‍ജി നല്‍കിയ അവസ്ഥയുമുണ്ടായി. എന്നാല്‍ വാക്‌സീന്‍ കണ്ടുപിടിച്ചതോടെയാണ് വിപണിയില്‍ വീണ്ടും പ്രതീക്ഷ ഉയര്‍ന്നത്. ജനുവരിയില്‍ പ്രതിദിന എണ്ണ ഉല്‍പാദനം ഒരുദശലക്ഷം ബാരല്‍ കുറയ്ക്കുമെന്ന് സൗദി പ്രഖ്യാപിച്ചപ്പോഴാണ് അമേരിക്കയില്‍ എണ്ണവില 50 ഡോളറിനു മുകളില്‍ ആദ്യമായി ഉയര്‍ന്നത്. ഫെബ്രുവരിയിലും ഇതു തുടര്‍ന്നു. കോവിഡ് വ്യാപനം ശക്തമായ കാലത്ത് കുറഞ്ഞ എണ്ണ ഡിമാന്‍ഡ് വാക്‌സീന്‍ വിതരണം ശക്തമായതോടെ വര്‍ധിച്ചിരിക്കുകയാണ്.