Monday, April 29, 2024
indiaNewsSportsworld

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് സ്വര്‍ണവേട്ട; ഭാരോദ്വഹനത്തില്‍ റെക്കോര്‍ഡോടെ സ്വര്‍ണം

ബിര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ റെക്കോര്‍ഡോടെ സ്വര്‍ണം. ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണ മെഡല്‍ നേട്ടം. 67 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ ജെറമി ലാല്‍റിന്‍നുങ്കയാണ് സ്വര്‍ണം നേടിയത്. ഇന്ത്യയുടെ സ്വര്‍ണ വേട്ട തുടരുന്നു.ആകെ 300 കിലോ ഗ്രാം ഭാരമാണ് മത്സരത്തില്‍ ജെറമി ഉയര്‍ത്തിയത്. ആദ്യ ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് ശ്രമത്തില്‍ തിരിച്ചടി നേരിട്ട ശേഷം ശക്തമായ തിരിച്ചു വരവാണ് ജെറമി നടത്തിയത്. മത്സരത്തിലുടനീളം പേശി വേദന ജെറമിയെ അലട്ടിയിരുന്നു. മൂന്നാം ശ്രമത്തില്‍ കൈമുട്ടിന് പരിക്കേല്‍ക്കുകയും ചെയ്തു. വേദന കടിച്ചമര്‍ത്തിയാണ് ഗെയിംസ് വേദിയില്‍ ജെറമി ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയത്. സ്‌നാച്ചില്‍ 140 കിലോ ഉയര്‍ത്തിയതോടെയാണ് ജെറമി ഗെയിംസ് റെക്കോര്‍ഡിട്ടത്. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 160 കിലോയും ഉയര്‍ത്തിയ ജെറമിയുടെ പ്രകടനത്തിന്റെ സമീപത്തെങ്ങും എത്താന്‍ എതിരാളികള്‍ക്ക് സാധിച്ചില്ല. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജെറമിയുടെ ആദ്യ സ്വര്‍ണ മെഡല്‍ നേട്ടമാണ് ഇത്.