Wednesday, May 15, 2024
Local NewsNews

ഇരുമ്പൂന്നിക്കര – കൊപ്പം ഉരുള്‍ പൊട്ടല്‍ ; ലക്ഷങ്ങളുടെ നാശനഷ്ടം

എരുമേലി: ഇരുമ്പൂന്നിക്കര – കൊപ്പംമേഖലയില്‍ ഇന്നലെയുണ്ടായ ഉരുള്‍ പൊട്ടലില്‍ ലക്ഷങ്ങളുടെ നാശനഷ്ട ഉണ്ടായതായി റവന്യൂ വകുപ്പ് അധികൃതര്‍ പറഞ്ഞു. രണ്ട് മേഖലകളിലായി 14 വീടുകളില്‍ വെള്ളം കയറി. പല വീടുകളിലേയും വീട്ടുസാധനങ്ങള്‍ നശിച്ചു.

 

കൃഷിയും വ്യാപകമായി നശിച്ചു. വീടിന്റെയും,തോടിന്റെയും സംരക്ഷണഭിത്തി കളാണ് പലയിടത്തും കൂടുതലായി തകര്‍ന്നത്. എന്നാല്‍ ഇത്തരത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. വീടുകള്‍ക്ക് നഷ്ട പരിഹാരം ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.                           

രണ്ട് മണിക്കൂറിലധികം നിന്ന അതി ശക്തമായ മഴയില്‍ വനാര്‍ത്ഥി പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയായിരുന്നു. ഇരുമ്പൂന്നിക്കര ആശാന്‍ കോളനി ഭാഗത്തെ ചെറുവള്ളി പൊയ്കയിലെ വെള്ളപ്പൊക്കത്തിലാണ് വന്‍ നാശനഷ്ടം ഉണ്ടായത്.സോമശേഖരന്‍ ഉറുമ്പില്‍ , പ്രസന്നന്‍ മലയില്‍ എന്നിവര്‍ നടത്തിയ കോഴിഫാം പൂര്‍ണ്ണമായും നശിച്ചു.കച്ചവടത്തിന് വളര്‍ച്ചയെത്തിയ 3000 ത്തോളം കോഴികളാണ് ഒഴുക്കില്‍പ്പെട്ടത്.                                                                                   

കോഴിത്തീറ്റയും , ഇന്‍വെട്ടറും നശിച്ചു. ഷാജഹാന്‍ ചെറുകയില്‍ , സുരേഷ് വട്ടുകളത്തില്‍ എന്നിവരുടേതടക്കം വീടുകളില്‍ വെള്ളം കയറി. അബ്ദുള്‍ അസീസ് ചരളശേരിയില്‍ , നിയാസ് ഒറ്റപ്ലാക്കല്‍ എന്നിവരുടെ വീട്ടില്‍ കയറി വെള്ളം വീടിന്റെ ചുറ്റു മതിലും , സംരക്ഷണ കയ്യാലകളും തകര്‍ത്തു. ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍, വീട്ടുസാധനങ്ങള്‍ നശിച്ചു. മിക്കവരുടേയും കിണറുകള്‍ ഉപയോഗ ശൂന്യമായി. മൂക്കന്‍പ്പെട്ടി – കോയിക്കക്കാവ് മലകളുടെ ഇടക്കായി കൊപ്പത്തും, ആശാന്‍ കോളനി ഭാഗത്തുമായി രണ്ട് സ്ഥലങ്ങളിലാണ് കനത്ത മഴയില്‍ വനത്തില്‍ നിന്നും ഉരുള്‍ പൊട്ടി വെള്ളമെത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു.                                                                                    ആശാന്‍ കോളനി ഭാഗത്ത് കൂടി ഒഴുകുന്ന ചെറുവള്ളി പൊയ്കയും – കൊപ്പം തോടുമാണ് വ്യാപകമായി തകര്‍ന്നത് , തോടിന്റെ ഇരുവശത്തുമുള്ള കെട്ടുകള്‍ , ചെറിയ പാലത്തിന്റെ കെട്ടുകളും തകര്‍ന്നു . കൃഷിസ്ഥലങ്ങള്‍ നശിച്ചു. നിരവധി കിണറുകളില്‍ ഒഴുക്ക് വെള്ളം കയറിയതിനാല്‍ കുടിവെള്ളം പ്രതി സന്ധിയിലായി. ഇരുചക്ര വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടു. കഴിഞ്ഞ 60 വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഇത്തരത്തില്‍ വെള്ളം ഒഴുകുന്നതെന്നും കൊപ്പം സ്വദേശി സാബു തമ്പാന്‍മലയില്‍ പറഞ്ഞു.റവന്യൂ വകുപ്പും, പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദര്‍ശിച്ചു. നഷ്ട പരിഹാരം സംബന്ധിച്ച് എം പി , എം എല്‍ എ ഫണ്ടുകള്‍ വേണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ട് പ്രദേശങ്ങളിലും കൂടി ഏകദേശം 25 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് പ്രഥമികമായി കണക്കാക്കുന്നത് . ഉരുള്‍ പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങള്‍ റവന്യൂ വകുപ്പും, പഞ്ചായത്ത്, പോലീസ് വകുപ്പുകളും സന്ദര്‍ശിച്ചു.                                                                                                                     

എരുമേലിയില്‍ ഇന്നും കനത്ത  മഴ                                                                               എരുമേലി: ഇന്നലെ ഉച്ചയോടെ പെയ്ത കനത്ത മഴയില്‍ വ്യാപകമായ നാശ നഷ്ടം ഉണ്ടായതിന് പിന്നാലെ ഇന്നും അതി ശക്തമായ മഴ പെയ്യുകയാണ്. നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ കരുതലായിരിക്കണമെന്നും അധികൃര്‍ അറിയിച്ചു. ഇന്നലെ പെയ്ത മഴ പോലെയാണ് ഇന്നും പെയ്യുന്നത്.