Tuesday, May 7, 2024
keralaNews

കൊവിഡ് വ്യാപനം ;ചെറുകിട വ്യാപാര മേഖല പ്രതിസന്ധിയില്‍.

രണ്ടാം തരംഗത്തിലെ കൊവിഡ് വ്യാപനം ചെറുകിട വ്യാപാര മേഖലയെ അതിരൂക്ഷമായ പ്രതിസന്ധിയിലാക്കുന്നു. ആദ്യ കൊവിഡ് കാലത്തുണ്ടായ നഷ്ടത്തില്‍ നിന്ന് ഒരുവിധം ഉണര്‍വിലേക്ക് വരുന്നതിനിടെയുണ്ടായ രണ്ടാം തരംഗം വ്യാപാര മേഖലയെ അടിമുടി തകര്‍ത്തു.വാരാന്ത്യ നിയന്ത്രണവും കടകള്‍ നേരത്തേ അടയ്ക്കണമെന്ന ഉത്തരവുമാണ് ചെറുകിട വ്യാപാര മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. രാവിലെ മുതല്‍ വൈകീട്ട് വരെ മിക്ക കടകളിലും കച്ചവടം നടക്കുന്നില്ല. വൈകുന്നേരം 5ന് ശേഷമാണ് കടകളിലേക്ക് ആളുകളെത്താറുള്ളത്. എല്ലാവരും ജോലി കഴിഞ്ഞ് വരുന്ന സമയമായതിനാല്‍ വൈകുന്നരങ്ങളില്‍ കുറച്ചെങ്കിലും കച്ചവടം നടക്കാറുണ്ട്. വൈകുന്നേരം നേരത്തേ കടയടക്കണമെന്ന നിര്‍ദ്ദേശം കച്ചവടത്തെയും വരുമാനമാനത്തേയും സാരമായി ബാധിച്ചു.കൊവിഡിനെ തുടര്‍ന്ന് വ്യാപാര ഇടപാടുകളില്‍ 50 ശതമാനം ഇടിവുണ്ടായതായി വ്യാപാരികള്‍ പറയുന്നു. നഷ്ടത്തെ തുടര്‍ന്ന് ഇതിനകം ചിലര്‍ വ്യാപാരം നിര്‍ത്തി. വില്പന കുറഞ്ഞ വ്യാപാര സ്ഥാപനങ്ങളില്‍ ജീവനക്കാരെ പിരിച്ചുവിടുന്നു. സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നതിനാല്‍ അന്നംമുട്ടുമെന്ന് ആശങ്കയിലാണ് ജീവനക്കാര്‍.ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളില്‍ ശമ്ബളം നല്‍കാന്‍ കഴിയാതായതോടെ പലരും നാട്ടിലേക്ക് മടങ്ങി. വായ്പകളെടുത്താണ് ഭൂരിഭാഗം പേരും പ്രതിസന്ധിക്കിടയിലും കച്ചവടം മുന്നോട്ട് കൊണ്ടു പോകുന്നത്. ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞാലും ചെറുകിട വ്യാപാര മേഖല സജീവമാകണമെങ്കില്‍ ഏറെനാള്‍ കഴിയേണ്ടി വരും.