Sunday, May 5, 2024
keralaNewspolitics

കൊച്ചിയില്‍ തുറന്ന വാഹനത്തില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ

എറണാകുളം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കൊച്ചിയില്‍ എത്തിയ പ്രധാനമന്ത്രിയുടെ ആവേശകരമായ റോഡ് ഷോ. കെപിസിസി ജംഗ്ഷന്‍ മുതല്‍ ഗസ്റ്റ് ഹൗസ് വരെ ഒന്നേ കാല്‍ കിലോമീറ്ററാണ് റോഡ് ഷോ. 7.45 ഓടെയാണ് റോഡ് ഷോ ആരംഭിച്ചത്. റോഡിന്റെ ഇരുവശങ്ങളിലും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വന്‍ ജനാവലിയാണ് തടിച്ചു കൂടിയത്.                    പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും പുഷ്പവൃഷ്ടിയോടെയാണ് റോഡ് ഷോയിലെത്തിയ പ്രധാന സേവകനെ സ്വീകരിച്ചിരിക്കുന്നത്.റോഡിന്റെ ഇരുവശങ്ങളിലും നില്‍ക്കുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന വന്‍ ജനാവലി ഒരു പോലെ ജയ് ജയ് മോദിജി, ഭാരത് മാതാ കീ ജയ് തുടങ്ങിയ ആരവങ്ങള്‍ മുഴക്കി.

തുറന്ന വാഹനത്തില്‍ പ്രധാനസേവകനൊപ്പം ബിജെപി അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനും വാഹനത്തിലുണ്ടായിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് വൈകുന്നേരം 6.50 ഓടെയാണ് പ്രധാനമന്ത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണം നല്‍കിയത്.

തുടര്‍ന്ന് ഹെലികോപ്ടറില്‍ ഏഴ് മണിയോടെ നേവല്‍ ബേസ് എയര്‍പോര്‍ട്ടിലേക്ക് യാത്രയായി.എറണാകുളം ഗസ്റ്റ് ഹൗസിലാണ് പ്രധാനമന്ത്രിയുടെ താമസം സജ്ജീകരിച്ചിരിക്കുന്നത്. നാളെ രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ഉച്ചയോടെ കൊച്ചിയില്‍ തിരിച്ചെത്തുകയും ചെയ്യും.