Monday, May 6, 2024
indiaNews

മുംബൈയില്‍ ടൗട്ടെ അതിശക്തമായ ചുഴലിക്കാറ്റായി മാറി.

മുംബൈയില്‍ ടൗട്ടെ അതിശക്തമായ ചുഴലിക്കാറ്റായി മാറിയെന്ന് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് കാറ്റിന്റെ ശക്തിയേറിയത്. മണിക്കൂറില്‍ 180-190 ആണ് നിലവില്‍ കാറ്റിന്റെ വേഗത. ഗുജറാത്ത് തീരം തൊടുമ്പോള്‍ വേഗത കുറയുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രാത്രി എട്ടിനും 11നും ഇടയില്‍ സംസ്ഥാന തീരം കടക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുന്‍കരുതല്‍ നടപടിയായി 17 ജില്ലകളിലെ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ഒരു ലക്ഷത്തിലധികം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി.

ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് മുംബൈ വിമാനത്താവണം താല്‍ക്കാലികമായി അടച്ചിട്ടു. വൈകിട്ട് നാലുവരെയാണ് വിമാനത്താവളം അടച്ചിരിക്കുന്നത്. അതേസമയം, മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ചുഴലിക്കാറ്റില്‍ ഒരാള്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 8,383 പേരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയെന്ന് ജില്ലാ കലക്ടറുടെ ഓഫിസ് അറിയിച്ചു. ബാന്ദ്ര വോര്‍ലി സീ ലിങ്ക് വഴിയുള്ള വാഹനഗതാഗതം നിര്‍ത്തിവച്ചു. മുന്‍കരുതലിന്റെ ഭാഗമായി മോണോറെയില്‍ സര്‍വീസുകളും നിര്‍ത്തിവച്ചിട്ടുണ്ട്.ഗുജറാത്തില്‍ ഒരു ലക്ഷം ആളുകളെ തീരദേശത്തുനിന്ന് മാറ്റി പാര്‍പ്പിച്ചു.സംസ്ഥാനത്തെ പല സ്ഥലങ്ങളിലും നേരിയ തോതില്‍ മഴ പെയ്യും. ഏതാനും സ്ഥലങ്ങളില്‍ കനത്ത മഴയും, സൗരാഷ്ട്ര, ദിയു, ഗുജറാത്ത് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കനത്തമഴയുണ്ടാകും. കേരള തീരത്ത് ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം ഇന്നും തുടരുമെന്നതിനാല്‍ അതിതീവ്രമോ അതിശക്തമോ ആയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാല്‍ ജാഗ്രത തുടരണം.

..