Thursday, May 16, 2024
keralaNews

നവകേരള സദസ് : കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനെ മര്‍ദ്ദിച്ചയാള്‍ അറസ്റ്റില്‍

കായംകുളം: കായംകുളത്ത് നടന്ന നവകേരള സദസ്സിന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച പ്രതി അറസ്റ്റില്‍. ഡി വൈ എഫ് ഐ. പ്രവര്‍ത്തകനായ മാവേലിക്കര ഭരണിക്കാവ് വില്ലേജില്‍ തെക്കേ മങ്കുഴി പാപ്പാടിയില്‍ വീട്ടില്‍ അനൂപ് വിശ്വനാഥന്‍ (30) കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്.

കായംകുളത്ത് കഴിഞ്ഞ മാസം 16 ന് നടന്ന നവകേരള സദസ്സുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച നവകേരള സദസ്സ് വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെകട്ടറി അജിമോന്‍ കണ്ടല്ലൂരിനെയാണ് മര്‍ദ്ദിച്ചത്. കേസില്‍ ഒളിവിലായിരുന്ന പ്രതി കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് മുമ്പാകെ കീഴടങ്ങിയത്.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. നവകേരള സദസിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടെ രണ്ട് കാലുകളും ഇല്ലാത്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോന്‍ കണ്ടല്ലൂരിനെ കായംകുളത്ത് വെച്ച് ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. മുഖ്യമന്ത്രിയുടെ ബസിന് നേരെ കരിങ്കൊടി കാണിച്ച തന്നെ സമീപത്തെ പൊലീസുകാര്‍ എടുത്ത് മാറ്റിയ ശേഷം ഓടിയെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിറകില്‍ കൂടി വന്ന ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് അജിമോന്‍ പറഞ്ഞിരുന്നു.

സി പി എമ്മിന്റെ പിന്തുണയില്ലാതെ ഇവര്‍ ഇത്തരത്തില്‍ ആക്രമിക്കില്ലെന്നും പുറത്തിറങ്ങിയാല്‍ ജീവന് വരെ ഭീഷണിയുണ്ടെന്നും ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അജിമോന്‍ പറഞ്ഞിരുന്നു.