Sunday, April 28, 2024
educationkeralapolitics

കേരള വിസി നിയമനം; സേര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയുടെ പേര് നിര്‍ദ്ദേശിക്കാന്‍ ഗവര്‍ണറുടെ ഉത്തരവ്

തിരുവനന്തപുരം : കേരള വിസിക്ക് പകരക്കാരനെ നിയമിക്കാന്‍ രൂപീകരിച്ച സേര്‍ച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയുടെ പേര് നിര്‍ദ്ദേശിക്കാന്‍ വിസിക്ക് ഗവര്‍ണറുടെ ഉത്തരവ്. ഒക്ടോബര്‍ 24ന് കാലാവധി അവസാനിക്കുന്ന വിസിക്ക് പകരക്കാരനെ നിര്‍ദ്ദേശിക്കാനാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപികരിച്ചത്. ഗവര്‍ണറുടെ ഓഫീസില്‍ പ്രതിനിധിയുടെ പേര്് അറിയിക്കാനാണ് വിസിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.  കഴിഞ്ഞ ജൂലൈ 15 ന് ചേര്‍ന്ന സെനറ്റ് യോഗം ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനെ സെനറ്റ് പ്രതിനിധിയായി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു. പകരക്കാരനെ സര്‍വ്വകലാശാല നല്‍കാത്തതു കൊണ്ട് മൂന്നംഗ സേര്‍ച്ച് കമ്മിറ്റിയില്‍ സെനറ്റ് പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ടാണ് ഗവര്‍ണര്‍ ഓഗസ്റ്റ് 5 ന് കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റിയുടെ കാലാവധി മൂന്നു മാസമാണ്. പരമാവധി ഒരു മാസം കൂടി കാലാവധി നീട്ടുവാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ഇതേവരെ സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ വിസി നടപടി കൈകൊണ്ടിട്ടില്ല. പുതിയ നിയമ ഭേദഗതിയില്‍ സെനറ്റിനു പകരം സിന്‍ഡിക്കേറ്റിന്റെ പ്രതിനിധിയെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ നിയമ ഭേദഗതിക്ക് ഗവര്‍ണര്‍ അനുമതി നല്‍കാത്തത് കൊണ്ട്് നിലവിലെ നിയമമനുസരിച്ച് സെനറ്റിന്റെ പ്രതിനിധിയെയാണ് സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടത്. കോഴിക്കോട് ഐ. ഐ. എം. ഡയറക്ടര്‍ ,ഡോ. ദെബാഷിഷ് ചാറ്റര്‍ജി കര്‍ണാടക കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ ബട്ടു സത്യനാരായണ എന്നിവരാണ് സേര്‍ച്ച് കമ്മിറ്റിയിലെ അംഗങ്ങള്‍. സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കാന്‍ സര്‍വ്വകലാശാല വിമുഖത കാട്ടിയാല്‍ രണ്ടംഗ കമ്മിറ്റി, വിസി നിയമനത്തിനുള്ള വിജ്ഞാപന നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് നിലവില്‍ പുറത്ത് വരുന്ന വിവരം .