Friday, April 26, 2024
keralaNewspolitics

അമ്മുക്കുട്ടിയുടെ ഫോണ്‍ എടുത്തുകൊണ്ടുപോയ പോലീസ് അത് തിരികെ തരണമെന്ന് പി.സി. ജോര്‍ജ്.

കോട്ടയം: കൊച്ചുമകള്‍ അമ്മുക്കുട്ടിയുടെ ഫോണ്‍ എടുത്തുകൊണ്ടുപോയ പോലീസ് അത് തിരികെ തരണമെന്ന് പി.സി. ജോര്‍ജ്. അമ്മുക്കുട്ടി ഇപ്പോള്‍ ടോം ആന്‍ഡ് ജെറി കാണുന്നത് തന്റെ ഫോണില്‍ ആണെന്നും പി.സി. പറഞ്ഞു. നേരത്തെ ജോര്‍ജിന്റെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് ഫോണ്‍ പിടികൂടിയത്.ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള പ്രശ്നങ്ങളെ കുറിച്ച് കോട്ടയത്ത് പത്രസമ്മേളനം നടത്തുകയായിരുന്നു ജോര്‍ജ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പത്രസമ്മേളനത്തിന് ഇടയില്‍, വീട്ടില്‍ നടന്ന പോലീസ് റെയ്ഡിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ജോര്‍ജിനോട് ചോദിച്ചു. ജോര്‍ജിന്റെ മകന്‍ ഷോണ്‍ പ്രതിയായ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ജോര്‍ജിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഡിവൈസുകളും അന്ന് പോലീസ് പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് ജോര്‍ജിന്റെ ഇത്തരത്തിലുള്ള മറുപടി വന്നത്.ഷോണ്‍ ജോര്‍ജിന്റെ മകള്‍ അമ്മുക്കുട്ടിയുടെ ഫോണ്‍ ഉള്‍പ്പെടെ പോലീസ് കൊണ്ടുപോയെന്ന് അദ്ദേഹം പറഞ്ഞു. അമ്മുക്കുട്ടിക്ക് ഇപ്പോള്‍ ടോം ആന്‍ഡ് ജെറി കാണാന്‍ ഫോണില്ല. അതുകൊണ്ട് തന്റെ ഫോണ്‍ നല്‍കിയാണ് കുട്ടിയെ ആശ്വസിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്റെ വീട്ടില്‍ ബിരിയാണിച്ചെമ്പൊന്നും ഇല്ല. ചെമ്പ് ഉണ്ട്. അത് കാര്‍ന്നോന്മാര്‍ തന്ന സ്വത്താണ്. അല്ലാതെ എന്റേതല്ല. ഞാനൊന്നും മോഷ്ടിച്ചും പിടിച്ചുപറിച്ചും കൊണ്ട് വെച്ചിട്ടില്ല. പിന്നെ അവര്‍ എന്താണ് പരിശോധിക്കുന്നത്. എന്തൊരു മര്യാദകേടാണെന്ന് ആലോചിച്ചു നോക്കിക്കേ… ആറുവയസ്സു തികയുകയാണ് അമ്മുക്കുട്ടിക്ക്. അവള് കളിക്കുന്ന ആ ഫോണ്‍ എടുത്തുകൊണ്ടുപോയി. എന്തൊരു വൃത്തികെട്ടവന്മാരാ… അതൊന്ന് തിരിച്ച് കൊടുക്കണ്ടേ.. മര്യാദ കാണിക്കണ്ടേ. ഇതുവരെ തന്നിട്ടില്ല. ഇപ്പോ കൊച്ച് രാവിലെ എണീക്കുമ്പോള്‍ എന്റെ ഫോണ്‍ കൊടുത്തേക്കുവാ. അവളുടെ കളിയിപ്പോ അതിലാ. മനഃസാക്ഷിയില്ലാത്ത, നീചപ്രവര്‍ത്തനം ചെയ്യാന്‍ മടിയില്ലാത്തവനാണ് പിണറായി. എത്ര കേസായി. നാലുപ്രാവശ്യം പോലീസ് എന്നെ പിടിച്ചുകൊണ്ടുപോയി. പിടിച്ചുകൊണ്ടുപോയിട്ട് അവിടെ ചെല്ലുന്നതിന് ഇപ്പുറം മജിസ്ട്രേട്ട് വീട്ടില്‍ പൊയ്ക്കോളാന്‍ പറഞ്ഞു- പി.സി. ജോര്‍ജ് പറഞ്ഞു.