Friday, May 10, 2024
keralaNews

കേരളത്തില്‍ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത.

കേരളത്തില്‍ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൂടാതെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കും. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.വരും മണിക്കൂറുകളില്‍ കാലവര്‍ഷം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ഇന്നലെയാണ് കാലവര്‍ഷം കേരളത്തില്‍ എത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചത്. പതിവില്‍ നിന്നും എട്ട് ദിവസം വൈകിയാണ് ഇത്തവണ കാലവര്‍ഷം എത്തിയത്. അതിതീവ്രമായി മാറിയ ബിപോര്‍ജോയ് ചുഴലിക്കാറ്റ് അറബിക്കടലില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ തുടരുകയാണ്.
അതേസമയം ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറന്നേക്കും. മഴ കനത്താല്‍ ആറ് ഷട്ടറുകള്‍ ഒരു മീറ്റര്‍ വരെ ഉയര്‍ത്തി സെക്കന്‍ഡില്‍ 234 ക്യുമെക്സ് വെള്ളം പുറത്തേക്കൊഴുക്കാനാണ് തീരുമാനം. തൊടുപുഴ, മൂവാറ്റുപുഴയാറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 39.62 മീറ്ററാണ് നിലവിലെ ജലനിരപ്പ്. 42 മീറ്ററാണ് പരമാവധി സംഭരണ ശേഷി. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായതും മൂലമറ്റം പവര്‍ ഹൗസില്‍ നിന്നും കൂടുതല്‍ ജലമെത്തുന്നതും പരിഗണിച്ചാണ് ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്.