Thursday, May 2, 2024
Newsworld

ഖാര്‍കീവിലും സുമിയിലുമുള്ളവരെ ഒഴിപ്പിക്കാന്‍ യുക്രെയ്ന്‍ ഇന്ത്യന്‍ സംഘം അതിര്‍ത്തിയിലെത്തി

ന്യൂഡല്‍ഹി: യുക്രെയ്‌നില്‍ നിന്നും 12,000 ഇന്ത്യക്കാരെ വിട്ടുവെന്ന് വിദേശകാര്യ സെക്രട്ടറി. ഖാര്‍കീവ്, സുമി വമേഖലയിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുക എന്ന പ്രാഥമിക ഉദ്ദേശത്തോടെ മോസ്‌കോയിലെ ഇന്ത്യന്‍ എംബസി സംഘം യുക്രെയ്ന്‍ അതിര്‍ത്തിയിലെത്തി. യുക്രെയ്ന്റെ പടിഞ്ഞാറന്‍ അതിര്‍ത്തികളിലേക്ക് വേറെയും ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അയക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശ്രിംഗ്ല അറിയിച്ചു.15 ഉദ്യോഗസ്ഥരെ കൂടി അയയ്ക്കാന്‍ പ്രധാനമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് തീരുമാനമായത്. ഇതുവരെ യുക്രെയ്നിലെ ഇന്ത്യക്കാരില്‍ 60 ശതമാനം പേരെയും ഒഴിപ്പിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. 12,000 ഇന്ത്യക്കാര്‍ ഇതുവരെ യുക്രെയ്ന്‍ വിട്ടുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ യുക്രെന്‍-റഷ്യ അംബാസിഡറുമായി സംസാരിച്ചുവെന്നും ഇപ്പോഴും ഖാര്‍കീവിലും മറ്റ് സംഘര്‍ഷ മേഖലകളിലുമുള്ള ഇന്ത്യക്കാര്‍ക്ക് പുറത്തുകടക്കാന്‍ സുരക്ഷിതമായ പാത ഒരുക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടതായും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.                   
കീവില്‍ നിന്നും എല്ലാ ഇന്ത്യക്കാരും പുറത്ത് കടന്നതായാണ് വിവരം. ഇത് സ്ഥിരീകരിച്ചതിന് പിന്നാലെ ആരും തന്നെ കീവില്‍ നിന്നും ഇന്ത്യന്‍ എംബസിയെ ബന്ധപ്പെട്ടിട്ടില്ല. അതുകൊണ്ട് ഒരു ഇന്ത്യക്കാരനും കീവില്‍ ഇനി കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് കേന്ദ്രത്തിന് ലഭിച്ച വിവരമെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ആകെ 20,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുക്രെയ്നിലുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതില്‍ 12,000 പേരും യുക്രെയ്ന്‍ വിട്ടതായി സ്ഥിരീകരിച്ചു. ഇനി യുക്രെയ്ന്‍ വിടാനുള്ള 40 ശതമാനമാളുകളില്‍ പകുതിയും ഖാര്‍കീവ്, സുമി മേഖലകളിലാണുള്ളത്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 26 രക്ഷാവിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തു. നാളെ മുതല്‍ വ്യോമസേന വിമാനങ്ങള്‍ രക്ഷാദൗത്യത്തിന്റെ ഭാഗമാകും. സി17 വിമാനം നാളെ റുമാനിയയിലേക്ക് തിരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.