Monday, April 29, 2024
indiaNewspolitics

കേന്ദ്ര മന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തു

കേന്ദ്ര മന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്ര പോലീസ് രത്നഗിരിയില്‍ വെച്ച് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അടിക്കണമെന്ന പരാമര്‍ശമാണ് കാരണം. രത്നഗിരി ജില്ലയിലെ സംഗമേശ്വറിലെ ഗോള്‍വാലി എന്ന സ്ഥലത്ത് വെച്ചാണ് കേന്ദ്രമന്ത്രിയെ അറസ്റ്റ് ചെയ്തത്.

ബി ജെ പി നിയമസഭാംഗം പ്രസാദ് ലാദ്, എം എല്‍ എയും മകനുമായ നിതേഷ് റാണെ, മറ്റൊരു മകന്‍ നിലേഷ് റാണെ എന്നിവരോടൊപ്പമായിരുന്നു അദ്ദേഹം. എസ് പിയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം അറിയാത്ത മുഖ്യമന്ത്രിയെ തല്ലണമെന്നായിരുന്നു റാണെയുടെ പരാമര്‍ശം. പരാമര്‍ശത്തിന് പിന്നാലെ മുംബൈ ജുഹുവിലെ വസതിയിലേക്ക് സേനാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയപ്പോള്‍ തന്നെ സംഘര്‍ഷം രൂപപ്പെട്ടു. മാര്‍ച്ച് ബി ജെ പി പ്രവര്‍ത്തകര്‍ തടഞ്ഞു.

ഇരുപക്ഷത്തുനിന്നും കല്ലേറുണ്ടായി. സേനാ പ്രവര്‍ത്തകര്‍ ഗതാഗതം തടഞ്ഞ് റോഡില്‍ കുത്തിയിരുന്നു. നാഗ്പൂരിലെ ബി ജെ പി ഓഫീസിന് നേരെ സേനാ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.