Saturday, May 4, 2024
indiaNewsUncategorized

കേന്ദ്ര ആഭ്യന്തരമന്ത്രാലയം പത്തുപേരെ തീവ്രവാദികളായി പ്രഖ്യാപിച്ചു

ദില്ലി: ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി), ഹിസ്ബുള്‍ മുജാഹിദീന്‍(എച്ച്എം), മറ്റ് നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പത്തുപേരെ യുഎപിഎ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീവ്രവാദികളായി പ്രഖ്യാപിച്ചു. പാകിസ്ഥാന്‍ പൗരനായ ഹബീബുള്ള മാലിക് എന്ന സാജിദ് ജുട്ട്, ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ നിന്നുള്ള ബാസിത് അഹമ്മദ് റെഷി, നിലവില്‍ പാകിസ്ഥാന്‍ താവളമാക്കിയ കശ്മീര്‍ സ്വദേശിയായ ഇംതിയാസ് അഹമ്മദ് കണ്ടൂ എന്ന സജാദ്, ജമ്മു കശ്മീരിലെ സോപോര്‍ സ്വദേശിയായ സജാദ് എന്നിവരും ഭീകരരായി പ്രഖ്യാപിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.പാക്കിസ്ഥാനിലുള്ള പൂഞ്ചില്‍ നിന്നുള്ള സലിം, പുല്‍വാമ സ്വദേശിയായ ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്‌മാന്‍ എന്ന ഷെയ്ഖ് സാഹബ്. ശ്രീനഗര്‍ സ്വദേശിയായ ബാബര്‍ എന്ന ബിലാല്‍ അഹമ്മദ് ബെയ്ഗ്, നിലവില്‍ പാകിസ്ഥാനില്‍ താമസിക്കുന്ന പൂഞ്ച് സ്വദേശിയായ സുല്‍ത്താന്‍ എന്ന് വിളിപ്പെടുന്ന റഫീഖ് നായി, ദോഡയില്‍ നിന്നുള്ള ഇര്‍ഷാദ് അഹ്‌മദ് എന്ന ഇദ്രീസ്, കുപ്വാരയിലെ ബഷീര്‍ അഹമ്മദ് പീര്‍ എന്ന എല്‍മതിയാസ്, ബഷീര്‍ അഹമ്മദ് ഷെയ്ഖ് മൊകാച്ചി ഷെയ്ഖ് എന്നിവരാണ് മറ്റുള്ളവര്‍.  തീവ്രവാദി ലിസ്റ്റില്‍ പ്രമുഖനായ ഹബീബുള്ള മാലിക്ക് പൂഞ്ചില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയ ഭീകരരെ എത്തിച്ചയാളാണ് , ജമ്മു കാശ്മീര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ക്കായി ഈ മേഖലയില്‍ ഡ്രോണുകള്‍ വഴി ആയുധങ്ങളും ആശയവിനിമയ സംവിധാനങ്ങളും എത്തിക്കാന്‍ ഇയാള്‍ ശ്രമിച്ചെന്ന് ചൊവ്വാഴ്ച പുറപ്പെടുവിച്ച പ്രത്യേക അറിയിപ്പില്‍ ആഭ്യന്തരമന്ത്രാലയം പറയുന്നു. 2013 ഡിസംബറില്‍ ബുദ്ഗാമിന്റെ ചദൂര സ്റ്റേഷന്‍ ഹൗസ് ഓഫീസറെ കൊലപ്പെടുത്തിയതും,2013 ജൂണില്‍ ശ്രീനഗറിലെ ഹൈദര്‍പോറയില്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്ന ചാവേര്‍ ആക്രമണവും ഉള്‍പ്പെടെ കശ്മീരിലെ ഒന്നിലധികം ഭീകരാക്രമണങ്ങളുടെ സൂത്രധാരനായിരുന്നു മാലിക് എന്നും, ഭീകരരുടെ ഒരു ശൃംഖലയുടെ നേതൃത്വവും ഇയാള്‍ക്കുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. മാലിക് എല്‍ഇടി, ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ജമ്മു കശ്മീരില്‍ അട്ടിമറി പ്രവര്‍ത്തനങ്ങളിലും കൊലപാതകങ്ങളെ ഏകോപിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. 2015 ഓഗസ്റ്റ് 18 ന് സോപോറിലെ തജ്ജൗര്‍ ഷെരീഫ് പേത്ത് അസ്താനിലെ ബാബ അലി റെയ്ന ദേവാലയത്തിലെ പോലീസ് ഗാര്‍ഡ് പോസ്റ്റിന് നേരെ ഭീകരാക്രമണം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തത് എച്ച്എം അംഗമായ ബാസിത് അഹമ്മദ് റെഷിയാണ്. അതില്‍ ഒരു പോലീസ് ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിട്ടുണ്ട്.