Thursday, May 2, 2024
keralaNews

കാഞ്ഞിരപ്പള്ളിയില്‍ പഴക്കടയില്‍ നിന്നും മാമ്പഴം മോഷ്ടിച്ച പോലീസുകാരനെ സസ്‌പെന്റ് ചെയ്തു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്നും 600 രൂപ വില വരുന്ന 10 കിലോ മാമ്പഴം മോഷ്ടിച്ച കേസില്‍ പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു . ഇടുക്കി എ ആര്‍ ക്യാമ്പിലെ പോലീസുകാരനും മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശിയുമായ ശിഹാബിനെയാണ് വകുപ്പുതല അന്വേഷണങ്ങളുടെ ഭാഗമായി സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്ലെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ പുലര്‍ച്ചയോടെയായിരുന്നു മോഷണം. റോഡരികിലെ കടയുടെ മുന്നില്‍ പെട്ടിയില്‍ സൂക്ഷിച്ചു വന്ന മാമ്പഴം പോലീസുകാരന്‍ മോഷ്ടിക്കുന്നത് കടയ്ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന സിസിറ്റി വി യില്‍ പതിഞ്ഞതാണ് ഇയാള്‍ കുടുങ്ങാന്‍ കാരണമായത്. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തിരുന്നു .മാമ്പഴം മോഷ്ടിച്ച സംഭവം പൊലീസുകാരനെതിരെ വകുപ്പ് തല നടപടിയ്ക്കു ശുപാര്‍ശയും ഇന്നലെ ചെയ്തിരുന്നതായും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി പറഞ്ഞിരുന്നു. പൊലീസുകാരന്റെ വിശദാംശങ്ങള്‍ സഹിതം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇടുക്കി ജില്ലാ പൊലീസ് മേധാവിയ്ക്കും, ഇടുക്കി എ.ആര്‍ ക്യാമ്പ് കമാന്റന്റിനും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രാവിലെ കച്ചവടത്തിനെത്തിയപ്പോഴാണ് മാമ്പഴം കവര്‍ച്ച ചെയ്യപ്പെട്ടതായി മനസിലാകുന്നത്. 600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴമാണ് മോഷണം പോയതെന്ന് പഴക്കട ഉടമ നാസര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ വിശദമായി അന്വേഷണത്തിന് ശേഷമാണ് നടപടി ,