Monday, April 29, 2024
keralaNewspolitics

കെ റെയില്‍. ഒരാളേയും ദ്രോഹിച്ച് പദ്ധതി നടപ്പാക്കില്ലെന്ന് പിണറായി

തിരുവനന്തപുരം: ഒരാളേയും ദ്രോഹിച്ച് പദ്ധതി നടപ്പാക്കില്ലെന്ന് പിണറായി പറഞ്ഞു. ആരേയും കിടപ്പാടം ഇല്ലാത്തവരാക്കില്ല മുഖ്യമന്ത്രി പറഞ്ഞു. നഷ്ടപരിഹാരത്തിന് അനിശ്ചിതത്വം ഉണ്ടാകില്ല. കെ റെയിലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ നേരില്‍ കണ്ട് സംസാരിച്ച ശേഷം ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ നിന്ന് അനുകൂലമായ നിലപാടുണ്ടാകുമെന്നാണ് ത്രീക്ഷ.താന്‍ പറഞ്ഞ കാര്യങ്ങള്‍ അതീവ താത്പര്യത്തോടെയാണ് പ്രധാനമന്ത്രി കേട്ടതെന്നും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ആരോഗ്യപരമായ പ്രതികരണം ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.                                                നല്ല ചര്‍ച്ചയാണ് നടന്നത്. സില്‍വര്‍ ലൈന്‍ വിഷയം കേന്ദ്ര റെയില്‍വെ മന്ത്രിയുമായി ചര്‍ച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി. എന്താണ് ചെയ്യാന്‍ പറ്റുകയെന്ന് നോക്കാമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് പറഞ്ഞു.അനുഭാവപൂര്‍വ്വമായ സമീപനത്തിന് പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുന്നുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ പിണറായി പറഞ്ഞു.

കോട്ടപ്പുറം കോഴിക്കോട് ദേശീയ ജലപാതയുടെ ഡി പി ആറിന് അംഗീകാരം കിട്ടിയാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ പദ്ധതി ഏറ്റവും സുരക്ഷിതമായ യാത്രാ സംവിധാനമാണ്. അതിനാല്‍ വലിയ പ്രാധാന്യം സര്‍ക്കാര്‍ നല്‍കുന്നു. പരിസ്ഥിതി സംരക്ഷണത്തിനും വലിയ പ്രാധാന്യം ഉണ്ട്. വര്‍ധിച്ച അന്തരീക്ഷ മലിനീകരണത്തിന് കാരണമായ റോഡ് ഗതാഗതത്തില്‍ നിന്ന് റയില്‍വേയിലേക്ക് മാറുന്നത് അതുകൊണ്ടാണ്. വിദഗ്ദ്ധരോട് ആലോചിച്ചാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതാ വികസനം നടക്കില്ലെന്നായിരുന്നു പൊതു വിശ്വാസം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞു. സംസ്ഥാനത്തിന് ഭൂമിയേറ്റെടുക്കാന്‍ പണം നല്‍കേണ്ടി വന്നത് മറ്റ് സംസ്ഥാനങ്ങള്‍ ദേശീയപാത വികസിപ്പിച്ച ഘട്ടത്തില്‍ ഇതിന് സാധിക്കാതിരുന്നത് കൊണ്ടാണ്. സില്‍വര്‍ ലൈന്‍ യാഥാര്‍ത്ഥ്യമാകേണ്ട പദ്ധതിയാണെന്നും വൈകിയാല്‍ ചെലവ് വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്ന ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. പദ്ധതി വിജയരമായി നടപ്പാക്കാനാകും. പരിസ്ഥിതി ലോല പ്രദേശങ്ങിലൂടെ പദ്ധതി കടന്നു പോകുന്നില്ല. വിശദമായ പാരിസ്ഥിതികാഘാത പഠനം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എത്രത്തോളം റയില്‍വേ ഭൂമി വേണമെന്നറിയാനുള്ള സര്‍വേ പുരോഗമിക്കുന്നുണ്ട്. കെട്ടിടം നഷ്ടമാകുന്നവര്‍ക്ക് മികച്ച നഷ്ടപരിഹാരവും പുനരധിവാസവും നല്‍കും. സാമൂഹിക ആഘാത പഠനത്തിലൂടെയേ ആരുടൊയെക്കെ ഭൂമി നഷ്ടമാകൂവെന്ന് അറിയാനാവൂ. അലൈന്‍മെന്റ് കണ്ടെത്താനാണ് ലി ഡാര്‍ സര്‍വേ. ഭൂമി ഏറ്റെടുക്കാനുള്ള സര്‍വേ അല്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞു.

സര്‍വേക്ക് ശേഷം ഭൂമി നഷ്ടമാകുന്നവര്‍ക്ക് കൂടുതല്‍ സഹായധനവും മികച്ച പുനരധിവാസവും നല്‍കും. യുഡിഎഫ് മുന്നോട്ട് വച്ച ഹൈസ്പീഡ് റെയില്‍ പ്രായോഗികമല്ല. സില്‍വര്‍ ലൈനിന് പാരിസ്ഥിതികാനുമതി ആവശ്യമില്ല. പദ്ധതിയെ തകര്‍ക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നഷ്ടപരിഹാരത്തിന് അനിശ്ചിതത്വം ഉണ്ടാകില്ല. എല്‍ ഡി എഫിന് തുടര്‍ ഭരണം കിട്ടിയത് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ്. അതിന് തടയിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഗെയില്‍ പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിച്ചു. വൈകാരികമായ വ്യാജ പ്രചാരണങ്ങളില്‍ തെറ്റിദ്ധരിക്കപ്പെട്ടവര്‍ പിന്നീട് യാഥാര്‍ത്ഥ്യം മനസിലാക്കി പദ്ധതിയെ അനുകൂലിച്ചത് കേരളം കണ്ടതാണ്. നാടിന് ഏറ്റവും ആവശ്യമായ വികസന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു. ഇതിനായി വിചിത്ര സഖ്യം കേരളത്തില്‍ രൂപം കൊണ്ടു. ആസൂത്രിതമായ വ്യാജപ്രചാരണം നടക്കുന്നു.

സമരത്തിന് അതിവൈകാരികതയും അസാധാരണമായ പ്രാധാന്യവും നല്‍കി ജനങ്ങളെയാകെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. എല്ലാ കാലത്തും ഇത്തരം ആക്രമണങ്ങളുണ്ടായിട്ടുണ്ട്. വികസനത്തിന് തുരങ്കം വയ്ക്കുന്നവര്‍ക്ക് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വരുന്ന തലമുറകള്‍ക്ക് വേണ്ടിയുള്ളതാണ് ഈ പദ്ധതി. ബഫര്‍ സോണിന്റെ കാര്യത്തില്‍ അവ്യക്തതയുണ്ടെങ്കില്‍ പിന്നീട് വ്യക്തത വരുത്താം. അലൈന്‍മെന്റ് മാറ്റമെന്നത് തെറ്റായ പ്രചാരണം. സമരത്തില്‍ എല്ലാ സ്വഭാവമുള്ളവരും ഉണ്ട്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തന്നെയാണ് മുന്നോട്ട് പോകുന്നത്. ഒരു കല്ല് എടുത്തു കൊണ്ടു പോയാല്‍ ഈ പദ്ധതി അവസാനിപ്പിക്കാനാകുമോ…? ഇത് രാഷ്ട്രീയ ഗൂഢാലോചനയാണ്. ജനത്തിന്റെ പെടലിക്കിടേണ്ട. ഇപ്പോഴത്തെ കല്ലിടല്‍ സാമൂഹികാഘാത പഠനത്തിനാണ്. ഭൂമി ക്രയവിക്രയത്തിന് തടസമില്ല. കല്ലിടുന്നതിന്റെ അടിസ്ഥാനത്തില്‍ പഠനം നടത്തി ഭൂമി ഏറ്റെടുക്കേണ്ടി വന്നാലേ അതിലേക്ക് എത്തൂ. ഇപ്പോഴത്തെ കല്ലിടല്‍ ഭൂമി ഏറ്റെടുക്കാനല്ല.