Thursday, May 16, 2024
keralaNewsObituary

അഥീന ജോൺ നൊമ്പരപ്പെടുത്തുന്ന ഓർമ്മയായി ………..

 നെടുംകണ്ടം: ജീവൻ നിലനിർത്താൻ  മാസങ്ങൾ നീണ്ട ചികിത്സയും കഷ്ടപ്പാടും  വിഫലമായി. അഥീന ജോൺ ഇനി നൊമ്പരപ്പെടുത്ത ഓർമ്മ മാത്രം. ഒന്നര വർഷത്തിനടിയിൽ തലയിൽ 9 ഓപ്പറേഷനുകൾ. 30 റേഡിയേഷനും കഴിഞ്ഞിരുന്നു.   
ദിവസവും ഫിയോ തെറാപ്പിയും മികച്ച പരിചരണവുമെല്ലാം നൽകുകയും ചെയ്തിരുന്നു. ഇതിനെയെല്ലാം നിഷ്ഫലമാക്കിക്കൊണ്ടാണ് 28 കാരിയായ അഥീന ഇന്നലെ മരണത്തിന് കീഴടങ്ങിയത്.ഇടുക്കി നെടുംങ്കണ്ടം താന്നിക്കൽ സാബു ആന്റണി / ബിൻസി ദമ്പതികളുടെ മകളായ അഥീന രണ്ടു വർഷത്തോളമായി ചികത്സയിലായിരുന്നു. ബി ടെക്കും, എം ബി എയും കഴിഞ്ഞ് കൊച്ചി അസ്റ്റർ മെഡിസിറ്റിയിൽ ജോലിയിൽ ഇരിക്കെയാണ് അഥീനയിൽ രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്.
                                                       കഴുത്തിന് വേദനയോടെയായിരുന്നു തുടക്കം.ക്യാൻസർ ആണ് ബാധിച്ചിരുന്നതെന്ന് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും പിൻ കഴുത്തിൽ തലയോട്ടിയോട് ചേരുന്ന ഭാഗത്തെ രണ്ട് എല്ലുകൾ ഏറെക്കുറെ പൂർണ്ണമായും ദ്രവിച്ച് കഴിഞ്ഞിരുന്നു. ബ്രെയിൻ സ്റ്റമ്മിനെ ബാധിക്കുന്നതും അപൂർവ്വമായി മാത്രം കണ്ടുവരുന്നതുമായ ക്ലൈവൽ കോർഡോമ എന്ന രോഗമാണ് അഥീനയെ ബാധിച്ചിരുന്നത്.
2020 മെയ്ലിലാണ് ആദ്യം ആശുപത്രിയിൽ ചികിത്സക്കായി എത്തുന്നത്.  ആദ്യത്തെ ഓപ്പറേഷന് മാത്രം 25 ലക്ഷത്തിലധികം രൂപയായിരുന്നു ചെലവ്.പിന്നാലെ 8 ഓപ്പറേഷനുകൾ കൂടി ചെയ്തു. റേഷിയേഷനുകളും തുടർന്നുകൊണ്ടിരുന്നു. 3 റേഡിയേഷനുകൾ കഴിഞ്ഞതോടെ കഴുത്തിന് താഴേയ്ക്ക് തളർന്നു.സ്റ്റെച്ചറുകളിൽ കിടത്തിയും വീൽച്ചെയറുകളിൽ ഇരുത്തിയും മറ്റുമാണ് പിന്നീട് റേഡിയേഷനുകൾ നടത്തിവന്നിരുന്നത്.
നെടുങ്കണ്ടത്ത് ചിന്നാർ കൂൾബാർ എന്ന പേരിൽ സ്ഥാപനം നടത്തിവന്നിരുന്ന സാബു ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്താലാണ് മകളെ  ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിനുള്ള ശ്രമം നടത്തിയത്. ചികത്സയ്ക്ക് പണത്തിന് ബുദ്ധിമുട്ട് നേരിട്ടതോടെ ബാങ്കിൽ അക്കൗണ്ട് തുറന്ന് സഹായധനം സ്വീകരിച്ചും തുടങ്ങിയിരുന്നു.സഹോദരൻ അലൻ ജോൺ. സംസ്‌കാരം നെടുംങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഫൊറോനാപള്ളിയിൽ നടന്നു.