Saturday, May 4, 2024
keralaNews

കുറുക്കന്‍മൂലയില്‍ ഇറങ്ങിയ നരഭോജി കടുവയെ പിടികൂടാനുള്ള തെരച്ചില്‍ തുടരുന്നു.

വയനാട്: കുറുക്കന്‍മൂലയില്‍ ഇറങ്ങിയ നരഭോജി കടുവയെ പിടികൂടാനുള്ള തെരച്ചില്‍ തുടരുന്നു. പോലീസും വനംവകുപ്പും കുറുക്കന്‍മൂലയില്‍ ക്യാമ്പ് ചെയ്ത് തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. രണ്ട് കുങ്കിയാനകളുടെ സഹായത്തോടെയാണ് തെരച്ചില്‍ നടക്കുന്നത്. കഴിഞ്ഞ നിരവധി ദിവസങ്ങളായി 15 വളര്‍ത്ത് മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്.ഒരുമാസത്തോളമായി കടുവശല്യത്തില്‍ വലയുകയാണ് കുറുക്കന്‍മൂലയിലെ ജനങ്ങള്‍. നാട്ടുകാര്‍ ഹൈവേ ഉപരോധവും വനംവകുപ്പ് ഓഫീസ് ഉപരോധവും നടത്തിയിരുന്നു. കടുവയെ പിടികൂടാനായി അഞ്ചിടത്തായി കൂടും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ കടുവയെ പിടികൂടാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് കുങ്കിയാനകളേയും സ്ഥലത്തെത്തിച്ച് തെരച്ചില്‍ ശക്തമാക്കിയത്.
രാത്രി സമയങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. കടുവയെ മയക്കുവെടി വെയ്ക്കാന്‍ വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവയെ പിടികൂടാന്‍ വലിയ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടും ദിനചര്യയെന്നോണം നാട്ടിലിറങ്ങി ഇരപിടിക്കുന്ന കടുവയെ എങ്ങനെ തളക്കണമെന്ന് അറിയാതെ കുഴങ്ങുകയാണ് ഒരു നാടും നാട്ടുകാരും.കുറുക്കന്‍മൂലയിലും, പരിസര പ്രദേശങ്ങളിലും രാവിലെ പാല്‍ അളക്കുന്ന സമയത്തും കുട്ടികള്‍ സ്‌കൂളില്‍ പോകുന്ന സമയത്തും പോലീസിന്റെയും വനംവകുപ്പിന്റെയും പ്രത്യേക സ്വകാഡ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതിന് സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷമിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. കടുവ ഭീതിയുടെ പശ്ചാത്തലത്തില്‍ മാനന്തവാടിയിലെ നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ തുടരുകയാണ്. ഇരപിടിക്കുന്ന കടുവയെക്കുറിച്ചുള്ള ഭീതിയില്‍ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് നാട്ടുകാര്‍.