Thursday, May 16, 2024
keralaNews

സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ പൂര്‍ണ്ണ സജ്ജമാണെന്ന് കെഎസ്ആര്‍ടിസി…

ശബരിമല മണ്ഡലകാല/ മകരവിളക്ക് മഹോത്സവത്തിന് കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ പൂര്‍ണ്ണ സജ്ജമാണെന്ന് കെഎസ്ആര്‍ടിസി. മുന്‍ വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വ്വീസുകളും, പമ്പയില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വ്വീസുകളും ആരംഭിച്ചിട്ടുണ്ട്.

നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വ്വീസിനായി ആദ്യഘട്ടത്തില്‍ വിവിധ യൂണിറ്റുകളില്‍ നിന്നായി 40 ബസുകള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇത് കൂടാതെ ചെങ്ങന്നൂര്‍ , എറണാകുളം, കോട്ടയം, റെയില്‍വെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് തീര്‍ത്ഥാടകര്‍ക്ക് പമ്പയില്‍ എത്തുന്നതിന് വേണ്ടി  ആവശ്യാനുസരണം സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.സ്‌പെഷ്യല്‍ സര്‍വ്വീസുകളുടെ മേല്‍നോട്ടത്തിനും നിയന്ത്രണത്തിനുമായി പമ്പയില്‍ ഒരു സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ചു. പമ്പ സ്‌പെഷ്യല്‍ സര്‍വ്വീസുകളുടെ അറ്റകുറ്റ പണികള്‍ക്കായി ആവശ്യമായ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരേയും മറ്റ് ജീവനക്കാരേയും നിയോഗിച്ചു കഴിഞ്ഞു.

കൊവിഡ് 19 നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാധാരണ ദിവസങ്ങളില്‍ 1000 പേരെയും, വാര്യാന്ത്യ ദിവസങ്ങളില്‍ 2000 പേരെയും, വിശേഷ ദിവസങ്ങളില്‍ 5000 പേരെയുമാണ് ദര്‍ശനം നടത്താന്‍ അനുവദിക്കുന്നത്. ഈ സാഹചര്യത്തില്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് വേണ്ടി ആവശ്യാനുസരണം ബസുകള്‍ സര്‍വ്വീസ് നടത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചു കഴിഞ്ഞു.

ഇതിന് പുറമെ 40 പേരില്‍ കുറയാത്ത തീര്‍ത്ഥാടക സംഘങ്ങള്‍ക്ക് കെഎസ്ആര്‍ടിസിയുടെ വിവിധ യൂണിറ്റുകളില്‍ നിന്നും പമ്പയിലേക്കും തിരിച്ചും സൗകര്യ പ്രദമായ രീതിയില്‍ ചാര്‍ട്ടേഡ് ട്രിപ്പുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലേതുപോലെ 40 പേരില്‍ കുറയാതെയുള്ള സംഘം ഒരുമിച്ച് സീറ്റ് ബുക്ക് ചെയ്യുന്ന പക്ഷം 10 കിലോമീറ്ററിനകത്തുള്ള ചുറ്റളവില്‍ അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിന്നും പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇത്തരത്തിലുള്ള സൗകര്യത്തിനായി യാത്രാ നിരക്കിന് ഉപരിയായി 20 രൂപ അധികമായി ഈടാക്കും.

തീര്‍ത്ഥാടകരുടെ സൗകര്യത്തിനായി തിരുവനന്തപുരം- പമ്പ സ്‌പെഷ്യല്‍ സര്‍വ്വീസിനും, കൊല്ലം -പമ്പ സ്‌പെഷ്യല്‍ സര്‍വ്വീസിനും ഓണ്‍ലൈന്‍ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ (online.keralartc.com) വെബ്‌സൈറ്റ് വഴിയും ,എന്റെ കെഎസ്ആര്‍ടിസി മൊബൈല്‍ ( ‘Ente KSRTC) ആപ്പുവഴിയും ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും.രാവിലെ 8.03 നും, രാത്രി 9.19 നും മാണ് ഈ തിരുവനന്തപുരത്ത് നിന്നുമുളള സര്‍വ്വീസുകള്‍. കൊല്ലത്തു നിന്നും രാവിലെ 7.40 നും സര്‍വ്വീസ് നടത്തും. ഇത്തവണത്തെ മണ്ഡല മകരവിളക്ക് കാലഘട്ടത്തില്‍ ഭക്തര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെയുള്ള സര്‍വ്വീസുകള്‍ നടത്താനുള്ള എല്ലാ വിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി കെഎസ്ആര്‍ടിസി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

pamba Control Room : 0473 – 5203445, 0473 – 5203446
Pathanamthitta : 0468 – 2222366
KSRTC Control Room :9447071021, 0471-2463799
KSRTC Whatsapp: 8129562972