Sunday, May 5, 2024
keralaNews

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവം: യുവതി പഞ്ചായത്ത് അംഗത്വം രാജിവെച്ചു

ഇടുക്കി: കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിന്റെ സ്‌കൂട്ടറില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച സൗമ്യ സുനില്‍ വണ്ടന്‍മേട് ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവച്ചു.                                                                          സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് സൗമ്യ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. പാര്‍ട്ടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രാജി. സൗമ്യയുടെ കാമകനും വിദേശമലയാളിയുമായ വിനോദിനെതിരെ തിരിച്ചറിയല്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികളും പോലീസ് ആരംഭിച്ചു. കഴിഞ്ഞ ആഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിനോദുമായി ചര്‍ച്ച നടത്തിയ ശേഷം സൗമ്യ എംഡിഎംഎ സംഘടിപ്പിച്ച് ഭര്‍ത്താവിന്റെ ബൈക്കില്‍ ഒളിപ്പിച്ച് വെയ്ക്കുകയായിരുന്നു. ഭര്‍ത്താവിനെ ജയിലിലാക്കിയ ശേഷം കാമുകനൊപ്പം ജീവിക്കാനാണ് സൗമ്യ ഇങ്ങനെ ചെയ്തത്.                                                                                                              യുവതിയേയും കൂട്ടാളികളായ ഷാനവാസ്, ഷെഫിന്‍ എന്നിവരേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൗമ്യയുടെ കാമുകന്‍ വിനോദ് ഗള്‍ഫിലായിരുന്നു. സൗമ്യ നിലവില്‍ കോട്ടയം വനിതാ ജയിലിലാണ്. ആദ്യം ഭര്‍ത്താവിനെ വണ്ടി ഇടിപ്പിച്ച് കൊല്ലാനായിരുന്നു ഇവരുടെ ശ്രമം. ഇതിനായി എറണാകുളത്തെ ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തി. എന്നാല്‍ പോലീസ് പിടികൂടുമെന്ന ഭയത്തെ തുടര്‍ന്ന് ഇത് ഉപേക്ഷിക്കുകയും സയനൈഡ് കൊടുത്ത് കൊല്ലാന്‍ ആലോചിക്കുകയുമായിരുന്നു. ഇതും വേണ്ടന്ന് വെച്ച ശേഷമാണ് ഭര്‍ത്താവിന്റെ വാഹനത്തില്‍ എംഡിഎംഎ ഒളിപ്പിച്ച് വെച്ച ശേഷം പോലീസിനെ കൊണ്ട് പിടിപ്പിക്കാന്‍ ശ്രമിച്ചത്.                                                      മയക്കുമരുന്ന് ഒളിപ്പിച്ച് വെച്ച ശേഷം സൗമ്യ തന്നെയാണ് പോലീസിനെ വിളിച്ച് വിവരം പറഞ്ഞത്. പോലീസ് നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഇയാള്‍ മദ്യപാനിയോ ക്രിമിനല്‍ പശ്ചാത്തലമോ ഉള്ളയാളല്ലെന്ന് പോലീസിന് മനസിലായി. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ യുവതിയും സംഘവും കുടുങ്ങുകയായിരുന്നു.