Sunday, May 5, 2024
keralaNews

കാണാതായ 11 മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതരായി മടങ്ങിയെത്തി

കേരള അതിര്‍ത്തിക്കു സമീപം വള്ളവിളയില്‍ നിന്നുള്ള മെഴ്‌സിഡസ് എന്ന മത്സ്യബന്ധന ബോട്ട് ഭാഗികമായി തകര്‍ന്നു കടലില്‍ കാണാതായ 11 മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതമായി നാട്ടില്‍ മടങ്ങിയെത്തി. വള്ളവിള സ്വദേശികളായ ബോട്ട് ഉടമ ജോസഫ് ഫ്രാങ്ക്‌ളിന്‍ (47), ഫ്രെഡ്രി (42), യേശുദാസന്‍ (42), ജോണ്‍ (20),സുരേഷ് (44),ജെബിഷ് (18), വിജിഷ് (20),ജെനിസ്റ്റണ്‍ (20), ജഗന്‍ (29), സെഡ്രിക് (24),മാര്‍ബിന്‍ (20) എന്നിവരാണ് സുരക്ഷിതരായി ഇന്നലെ വൈകിട്ട് 3ന് തേങ്ങാപ്പട്ടണം മത്സ്യബന്ധന തുറമുഖത്ത് വന്നു ചേര്‍ന്നത്.

വള്ളവിള ഇടവക വികാരി ഫാ. റിച്ചാര്‍ഡ്, സൗത്ത് ഏഷ്യന്‍ ഫിഷര്‍മെന്‍ ഫ്രറ്റേണിറ്റി ജനറല്‍ സെക്രട്ടറി ഫാ.ചര്‍ച്ചില്‍, എന്നിവരുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളെ സ്വീകരിച്ചു. തേങ്ങാപ്പട്ടണം തുറമുഖത്ത് നിന്ന് ഏപ്രില്‍ 9ന് രാത്രി 11ന് പുറപ്പെട്ട ബോട്ട് മേയ് 6ന് തിരിച്ചെത്താനാണ് തീരുമാനിച്ചിരുന്നത്. 23ന് അര്‍ധരാത്രി ഗോവയില്‍ നിന്നു 600 നോട്ടിക്കല്‍ മൈല്‍ ഭാഗത്തു കപ്പലിടിച്ച് ബോട്ടിന്റെ യന്ത്രഭാഗവും നിയന്ത്രണ സംവിധാനമുള്ള വീല്‍ഹൗസ് സ്ഥിതിചെയ്യുന്ന കാബിനും മുകള്‍ഭാഗവും തകര്‍ന്നു കടലില്‍ വീണു.

 

ബോട്ടിന് ഒപ്പമുണ്ടായിരുന്ന 2 ചെറുവള്ളങ്ങിലൊന്നു തല്‍ക്ഷണം തകര്‍ന്നു കടലില്‍ താഴ്ന്നു. അതില്‍ ഉണ്ടായിരുന്ന 3 പേരെ മറ്റുള്ളവര്‍ രക്ഷിച്ചു ബോട്ടില്‍ കയറ്റി. സാറ്റലൈറ്റ് ഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ കേടായതിനാല്‍ ആരുമായും ബന്ധപ്പെടാനായില്ല. കാണാതായവര്‍ക്കായി നാവികസേനയുടെ കപ്പലും വിമാനങ്ങളും തിരച്ചില്‍ നടത്തുന്നതിനിടെയാണ് 5 ദിവസങ്ങള്‍ക്കു ശേഷം തങ്ങള്‍ സുരക്ഷിതരാണെന്ന് ഉടമയുടെ നാട്ടിലേക്കുള്ള ഫോണ്‍വിളി എത്തുന്നത്.