Friday, May 10, 2024
indiaNews

‘സമരത്തില്‍ സാമൂഹിക വിരുദ്ധര്‍ നുഴഞ്ഞു കയറി’

റിപ്പബ്ലിക്ക് ദിനത്തില്‍ സംഘടിപ്പിച്ച ട്രാക്ടര്‍ പരേഡിനിടെയുണ്ടായ അക്രമ സംഭവങ്ങളെ അപലപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച. പരേഡില്‍ അഭുതപൂര്‍വമായ പങ്കാളിത്തമുണ്ടായതായും പങ്കെടുത്ത എല്ലാ കര്‍ഷകര്‍ക്കും നന്ദി അറിയിക്കുന്നതായി കിസാന്‍ മോര്‍ച്ച പ്രസ്താവനയിലൂടെ വ്യക്തമാക്കി.

‘പരേഡ് സമാധാനപരമായി നടത്താനുള്ള ശ്രമങ്ങളാണ് ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. എന്നാല്‍ ചില സംഘടനകളും വ്യക്തികളും റൂട്ട് ലംഘിക്കുകയും അപലപനീയമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. സമാധാനപരമായി നടത്താന്‍ തീരുമാനിച്ച പ്രതിഷേധത്തിലേക്ക് സാമൂഹിക വിരുദ്ധര്‍ നുഴഞ്ഞു കയറി. സമാധാനമാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി. ഏതൊരു സമാധാന ലംഘനവും പ്രസ്ഥാനത്തെ വേദനിപ്പിക്കുമെന്നു ഞങ്ങള്‍ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നു’- സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.

ഇന്നത്തെ കര്‍ഷക പരേഡിലെ അഭൂതപൂര്‍വമായ പങ്കാളിത്തത്തിന് കര്‍ഷകരോട് നന്ദി പറയുന്നു. ഇന്ന് നടന്ന അഭികാമ്യമല്ലാത്തതും അസ്വീകാര്യവുമായ സംഭവങ്ങളെ അപലപിക്കുകയും അതില്‍ ഖേദിക്കുകയും ചെയ്യുന്നു. അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരില്‍ നിന്ന് സ്വയം അകന്നു നില്‍ക്കാന്‍ പ്രവര്‍ത്തകരോട് ആ?ഹ്വാനം ചെയ്യുന്നതായും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.