Tuesday, May 21, 2024
keralaNewspolitics

മാധ്യമങ്ങള്‍ പൊതുമര്യാദയുടെ സീമകള്‍ ലംഘിക്കരുതെന്ന് മുഖ്യമന്ത്രി

പൊതുമര്യാദയുടെ സീമകള്‍ ലംഘിച്ചാണു ചില വലതുപക്ഷ മാധ്യമങ്ങള്‍ തിരഞ്ഞെടുപ്പു കാലത്തു പെരുമാറിയതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുമണ്ഡലത്തെ മലീമസപ്പെടുത്താന്‍ മാധ്യമങ്ങള്‍ തയാറാവരുത്. തങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ജനങ്ങളെ ചിന്തിപ്പിക്കാന്‍ കഴിയില്ലെന്നു മാധ്യമ മേലാളന്മാര്‍ ഓര്‍ക്കണം. അക്കാര്യം കൂടി ഓര്‍മപ്പെടുത്തുന്നതാണു തിരഞ്ഞെടുപ്പു ഫലം.

സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ തങ്ങള്‍ തീരുമാനിക്കുമെന്ന ഹുങ്കോടെയാണ് ചില മാധ്യമങ്ങള്‍ പുറപ്പെട്ടത്. അവര്‍ രാഷ്ട്രീയ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള മേലാളരല്ല. ഒരു മാധ്യമത്തെയും പേരെടുത്തു പറയാത്തതു തന്റെ മര്യാദ കൊണ്ടാണ്. എത്ര മര്യാദ കെട്ട രീതിയിലാണ് എല്‍ഡിഎഫിനെതിരെ ചില മാധ്യമങ്ങള്‍ നീങ്ങിയതെന്നു സ്വയം വിമര്‍ശനപരമായി പരിശോധിക്കണം. നിങ്ങളുടെ കയ്യിലല്ല നാട് എന്ന് ജനങ്ങള്‍ തിരഞ്ഞെടുപ്പു ഫലത്തിലൂടെ പറഞ്ഞിരിക്കുന്നു.

മാധ്യമങ്ങള്‍ പറയുന്നതെന്തും അതേപോലെ വിഴുങ്ങാന്‍ തയാറുള്ളവരാണു കേരള ജനതയെന്നു തെറ്റിദ്ധരിക്കരുത്. അവര്‍ക്ക് അവരുടേതായ വിവേചന ബുദ്ധിയുണ്ട്. യുഡിഎഫിന്റെ ഘടക കക്ഷികളെക്കാള്‍ മേലെ നിന്നു പ്രവര്‍ത്തിക്കാന്‍ തയാറായ ചില മാധ്യമങ്ങളുണ്ട്.

അത്തരം മാധ്യമങ്ങള്‍ എങ്ങനെ എല്‍ഡിഎഫിനെ അപകീര്‍ത്തിപ്പെടുത്താം എന്ന ഗവേഷണത്തിലായിരുന്നു. മാധ്യമങ്ങളിലും അര്‍പ്പിതമായിട്ടുള്ളതു നാടിന്റെ താല്‍പര്യ സംരക്ഷണമാണ്. സര്‍ക്കാരിന്റെ ചെയ്തികളെ വിമര്‍ശിക്കാം. അത്തരം വിമര്‍ശനമാണോ മാധ്യമങ്ങള്‍ നടത്തിയതെന്ന് ആത്മപരിശോധന ആവശ്യമാണ് പിണറായി പറഞ്ഞു.