Thursday, May 2, 2024
Local NewsNewsObituary

കാട്ടാനയുടെ ആക്രമണം; ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം നഷ്ട പരിഹാരവും – ജോലിയും

എരുമേലി : തുലാപ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ഗൃഹനാഥന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ട പരിഹാരവും – കുടുംബത്തിലുള്ളയാള്‍ക്ക് ജോലിയും നല്‍കാന്‍ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ശബരിമല വനാതിര്‍ത്ഥി മേഖലയായ എരുമേലി തുലാപ്പള്ളി മാണിപ്പടിക്ക് സമീപമാണ് ഇന്ന് വെളുപ്പിന് 2.30 ഓടെ കാട്ടാനയുടെ ആക്രമണത്തില്‍ തുലാപ്പള്ളി സ്വദേശി കൊടിലില്‍ ബിജു (52) വാണ് മരിച്ചത്.

ഇന്ന് വെളുപ്പിന് 2.30 ഓടെയായിരുന്നു സംഭവം. വീടിന് പിന്നിലുള്ള തെങ്ങ് മറിഞ്ഞു വീഴുന്ന ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ ബിജുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാനയുടെ മുന്നില്‍ അകപ്പെട്ട ബിജുവിനെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞു. പമ്പ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ ജനകീയ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ഉന്നതാധികാരികള്‍ നേരിട്ടെത്തി ചര്‍ച്ച നടത്തി തീരുമാനമായത് .

10 ലക്ഷം രൂപ നല്‍കുന്നതോടൊപ്പം കുടുംബത്തിലെ ഒരാള്‍ക്ക് ഇപ്പോള്‍ താത്ക്കാലിക ജോലിയും, പിന്നീട് സ്ഥിര നിയമനത്തിന് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.കണമല ഫോറസ്റ്റ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ പത്തനംതിട്ട ജില്ല കളക്ടര്‍ , പത്തനംതിട്ട എം പി ആന്റോ ആന്റണി, വെച്ചുച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയിംസ്, പെരുന്നാട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സിബി അഴകത്ത് , ശ്യാം , ബ്ലോക്ക് പഞ്ചായത്ത് അംഗം ജോയി കാക്കനാട്ട് എന്നിവര്‍ പങ്കെടുത്തു.

ഡെയ്‌സിയാണ് ബിജുവിന്റെ ഭാര്യ. മക്കള്‍: ബിന്‍സി, ബിന്‍സണ്‍, ബിജോ.
മരുമകന്‍:ജോസ്‌ലി സംസ്‌ക്കാരം ബുധനാഴ്ച (03/04) തുലാപ്പള്ളി സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ചില്‍ നടക്കും. രാവിലെ 8.30 ന് പൊതുദര്‍ശനത്തിന് ശേഷം സംസ്‌ക്കാരം നടക്കും.