Friday, May 3, 2024
indiakeralaNewspolitics

അധിക വായ്പ: കേരളത്തിന് ബോധ്യപ്പെടുത്താനായില്ല;സുപ്രീം കോടതി

ദില്ലി: അധിക വായ്പ എടുക്കാനുള്ള സാഹചര്യം പ്രാഥമദൃഷ്ട്യ ബോധ്യപ്പെടുത്താന്‍ കേരളത്തിനായില്ലെന്ന് സുപ്രീം കോടതി വിധി പകര്‍പ്പില്‍ വിമര്‍ശനം. കേസ് ഭരണഘടനാ ബഞ്ചിന് വിട്ടുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. 10722 കോടി കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശമാണ് സംസ്ഥാനത്തിന് ബോധ്യപ്പെടുത്താന്‍ കഴിയാതെ പോയത്.

സംസ്ഥാനത്തെ ധനകാര്യ മാനേജ്‌മെന്റിലെ വീഴ്ച്ച കാരണമുള്ള പ്രതിസന്ധി കേന്ദ്രത്തില്‍ നിന്ന് ഇടക്കാല ആശ്വാസം വാങ്ങാന്‍ കാരണമാകില്ലെന്നും സുപ്രീം കോടതി വിധിയില്‍ പറഞ്ഞു. ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചാല്‍ ധനകാര്യ ചട്ടങ്ങള്‍ ലംഘിച്ച സംസ്ഥാനങ്ങള്‍ കൂടുതല്‍ വായ്പ എടുക്കുന്നതിന് ഇടയാക്കുമെന്നും സുപ്രീം കോടതി ഇന്നത്തെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനങ്ങളുടെ വായ്പ പരിധിയില്‍ അനാവശ്യ കൈകടത്തലിന് കേന്ദ്ര സര്‍ക്കാരിന് അവകാശമില്ലെന്ന് പറഞ്ഞാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്.

കിഫ്ബി വഴി എടുത്ത കടം പൊതു കടത്തില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര നടപടിയും കേരളം ചോദ്യം ചെയ്തിരുന്നു. കടമെടുക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കുന്ന ഭരണഘടനയുടെ 293-ാം അനുച്ഛേദവുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥന്‍ എന്നിവരുള്‍പ്പെട്ട രണ്ടംഗ ബഞ്ച് ചൂണ്ടിക്കാട്ടി. ഹര്‍ജി ഉയര്‍ത്തുന്ന ആറ് ചോദ്യങ്ങളാണ് അഞ്ചംഗ ഭരണഘടന ബഞ്ചിന് വിട്ടത്.

കടമെടുക്കാനുള്ള സംസ്ഥാന അവകാശത്തില്‍ കേന്ദ്രത്തിന് എത്രത്തോളം ഇടപെടാം എന്ന് ഭരണഘടന ബഞ്ച് പരിഗണിക്കും.പൊതുകടത്തില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണം എന്നതിലും അഞ്ചംഗ ബഞ്ച് വാദം കേള്‍ക്കും. കൂടുതല്‍ കടമെടുക്കാനുള്ള ഇടക്കാല ഉത്തരവും കേരളം തേടിയിരുന്നു. എന്നാല്‍ കോടതി ഇടപെടല്‍ വഴി കൂടുതല്‍ സഹായം കേരളത്തിന് ഇതിനകം കിട്ടിയെന്ന് രണ്ടംഗ ബഞ്ച് ചൂണ്ടിക്കാട്ടി.

13600 കോടി രൂപ കേരളത്തിന് കേന്ദ്രം നല്‍കാന്‍ തയ്യാറായി. 5000 കോടി കൂടി നല്‍കാം എന്ന വാഗ്ദാനവും കിട്ടി. ഈ സാഹചര്യത്തില്‍ ഇടക്കാല ആശ്വാസത്തിന് ഉത്തരവിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു വര്‍ഷം നല്‍കുന്ന അധിക തുക അടുത്ത വര്‍ഷം വെട്ടിക്കുറയ്ക്കാന്‍ അവകാശമുണ്ടെന്ന കേന്ദ്ര വാദവും കോടതി അംഗീകരിച്ചു.

പ്രധാന ഹര്‍ജി ഭരണഘടന ബഞ്ചിന് വിട്ടത് ആശ്വാസമായെങ്കിലും തത്കാലം കൂടുതല്‍ കടമെടുക്കാനുള്ള കേരളത്തിന്റെ നീക്കത്തിന് ഉത്തരവ് തിരിച്ചടിയായി. ഭരണഘടനാ ബഞ്ചിന്റെ തീര്‍പ്പുണ്ടാകുന്നത് വരെ കടമെടുക്കുന്നതില്‍ കേന്ദ്ര നിബന്ധന സംസ്ഥാനത്തിന് അംഗീകരിക്കേണ്ടി വരും.