Monday, April 29, 2024
keralaNews

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടില്‍ ഒരേ പേരിലുള്ള സ്വകാര്യ ബസുകളുടെ മല്‍സരയോട്ടം ; ബസിനുള്ളില്‍ തെറിച്ചു വീണ 2 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടില്‍ സ്വകാര്യ ബസുകളുടെ മല്‍സരയോട്ടത്തിനിടെ ബസിനുള്ളില്‍ തെറിച്ചു വീണു 2 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. അരുവിത്തുറ പള്ളിയ്ക്ക് സമീപമാണ് ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സഡന്‍ബ്രേക്കിട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ മറിഞ്ഞുവീണത്.

അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥികളായ പൊന്‍കുന്നം സ്വദേശിനി ജീന മേരി ജോണ്‍, കാഞ്ഞിരപ്പള്ളി സ്വദേശിനി അഫ്സാന അന്‍ഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്

ഒരേ പേരിലുള്ള ആമീസ് ബസുകള്‍ തമ്മിലുള്ള മല്‍സരയോട്ടമാണ് അപകടത്തിനിടയാക്കിയതെന്നാണ് ആക്ഷേപം. ഈരാറ്റുപേട്ട പിഎംസി ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ജീനയുടെ കൈയ്ക്ക് പൊട്ടലുള്ളതായി കണ്ടെത്തി.

5 മിനുട്ട് വ്യത്യാസത്തില്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നവയാണ് ഈ ബസുകള്‍. പിന്നാലെയെത്തിയ ബസ് മുന്നില്‍ കയറാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനികള്‍ ബസിനുള്ളില്‍ തന്നെ തെറിച്ചുവീണു. സ്വകാര്യ ബസുകളുടെ കുത്തകയായ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടില്‍ ബസുകളുടെ മല്‍സരയോട്ടവും അപകടങ്ങളും നിത്യസംഭവമാണ്.

പൊലീസോ, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റ് ഉദ്യോഗസ്ഥരോ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടില്‍ സ്വകാര്യബസുകളുടെ മത്സരയോട്ടത്തിനു എതിരെ യാതൊരുവിധ നടപടിയും സീകരിക്കാറില്ലന്നും, പോലീസ് വാഹന പരിശോധനകള്‍ ചെറുവാഹനങ്ങളെ മാത്രം പരിശോധിക്കാറാണ് പതിവ് എന്നും നാട്ടുകാര്‍ ആരോപിക്കുന്നു.