Friday, May 3, 2024
educationkeralaLocal NewsNewsObituary

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജ് ഇന്ന് തുറക്കും

കാഞ്ഞിരപ്പള്ളി : ബിരുദ വിദ്യാര്‍ത്ഥിനി ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട് അടച്ച കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജ് ഇന്ന് തുറക്കും .കഴിഞ്ഞ ചൊവ്വാഴ്ച അടച്ച കോളേജാണ് ഏഴ് ദിവസത്തിന് ശേഷം തുറക്കുന്നത്.  ബിരുദ വിദ്യാര്‍ത്ഥിനി മരണവുമായി ബന്ധപ്പെട്ട് കോളേജിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രശ്നം പരിഹരിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും, സഹകരണ മന്ത്രി വിഎന്‍ വാസവനും കോളേജില്‍ എത്തി കോളേജ് അധികൃതരുമായും, വിദ്യാര്‍ത്ഥികളുമായും ചര്‍ച്ച നടത്തിയിരുന്നു. സാങ്കേതിക സര്‍വകലാശാലയില്‍ നിന്നും രണ്ടംഗ അന്വേഷണ കമ്മീഷനും കോളേജില്‍ എത്തി ചര്‍ച്ച നടത്തിയിരുന്നു. ബിരുദ വിദ്യാര്‍ത്ഥിനിയായ ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് കോട്ടയം എസ് പിയുടെ മേല്‍നോട്ടത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണ ഘട്ടത്തില്‍ കുറ്റക്കാര്‍ എന്ന് കണ്ടെത്തിയാല്‍ ആരോപണ വിധേയരായ അധ്യാപകര്‍ക്കെതിരെ അപ്പോള്‍ തന്നെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ ഏറ്റവും അധികം പരാതി ഉന്നയിച്ച ഹോസ്റ്റല്‍ വാര്‍ഡന്‍ സിസ്റ്റര്‍ മായയെ തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്തുമെന്നുമായിരുന്നു തീരുമാനങ്ങള്‍. നിലവില്‍ കോളേജില്‍ പ്രതിഷേധങ്ങളൊന്നുമില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.ശ്രദ്ധയുടെ മരണം അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ കോളേജിലേക്ക് പ്രതിഷേധ സമരം നടത്തിയിരുന്നു. എന്നാല്‍ കോളേജിനെതിരെ ആസൂത്രിതമായ അജഡയാണ് നടക്കുന്നതെന്നുള്ള സഭയുടെ പ്രതികരണം കൂടി വന്നതോടെ അന്വേഷണം ശക്തമാകുകയായിരുന്നു. ശ്രദ്ധയുടെ ആത്മഹത്യ നിര്‍ഭാഗ്യകരമാണെന്നും നിയമപരമായി അന്വേഷണം നടക്കട്ടെയെന്നും കോളേജ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കോളേജിലെ ലാബില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അധ്യാപകര്‍ പിടിച്ചെടുത്തതിന് പിന്നാലെ 03/ 06 വെള്ളിയാഴ്ച രാത്രിയാണ് ശ്രദ്ധയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഒമ്പതോടെ കോളജ് ഹോസ്റ്റലിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ശ്രദ്ധയെ ഉടനെ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയാണ് ശ്രദ്ധ.