Monday, April 29, 2024
keralaNewsObituary

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു.

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. 52 വയസായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെ തുടര്‍ന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഗുരുതാരാവസ്ഥയില്‍ കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോവിഡ് ബാധിതനായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചലചിത്രഗാനരചനയ്ക്ക് ധാരാളം പുരസ്‌കാരങ്ങള്‍ ലഭിച്ച അനിലിനെ ലാല്‍ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന ചിത്രത്തിലെ ചോരവീണ മണ്ണില്‍ നിന്ന്, എം മോഹനന്റെ കഥപറയുമ്‌ബോള്‍ എന്ന സിനിമയിലെ വ്യത്യസ്തനാമൊരു ബാര്‍ബര്‍, ജയരാജിന്റെ മകള്‍ക്ക് എന്ന സിനിമയിലെ ഗാനങ്ങള്‍ പ്രശസ്തിയിലേക്ക് ഉയര്‍ത്തി. ചില ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

അറബിക്കഥ, കഥ പറയുമ്‌ബോള്‍, മാടമ്ബി, സൈക്കിള്‍, നസ്രാണി, ക്രേസി ഗോപാലന്‍, മിന്നാമിന്നിക്കൂട്ടം, ഭ്രമരം, ലൗഡ്സ്പീക്കര്‍, പാസഞ്ചര്‍, മാണിക്യക്കല്ല് തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കായി പാട്ടുകള്‍ എഴുതി. വയലില്‍ വീണ കിളികള്‍, അനാഥന്‍, പ്രണയകാലം, ഒരു മഴപെയ്തെങ്കില്‍ എന്നിവയാണ് പ്രധാനകവിതാസമാഹാരങ്ങള്‍.

ആലപ്പുഴ ജില്ലയില്‍ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ ഉദയഭാനു- ദ്രൗപതി ദമ്പതികളുടെ മകനായി 1965 നവംബര്‍ 20നാണ് അനില്‍ പനച്ചൂരാന്റെ ജനനം. അനില്‍കുമാര്‍ പി.യു. എന്നാണ് യഥാര്‍ത്ഥ പേര്. നങ്ങ്യാര്‍കുളങ്ങര ടികെഎം കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറങ്കല്‍ കാകദീയ സര്‍വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഭാര്യ: മായ, മൈത്രേയി, അരുള്‍ എന്നിവരാണ് മക്കള്‍ .


അനില്‍ പനച്ചൂരാന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത നാമെല്ലാം വളരെ ഞെട്ടലോടെയാണ് ഉള്‍ക്കൊണ്ടത്. മണ്ണിന്റെ മണമുള്ള കവിതകളാണ് അനില്‍ പനച്ചൂരാന്‍ എന്ന കവിയെ വേറിട്ട് നിര്‍ത്തുന്നത്.എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ കണ്മുന്നില്‍… കമ്യൂണിസ്റ്റ് പാര്‍ട്ടിപ്രവര്‍ത്തകന്‍, സന്ന്യാസി, വിഷവൈദ്യന്‍, വക്കീല്‍ അങ്ങനെ തികച്ചും വ്യത്യസ്ത വേഷങ്ങളിലൂടെയാണ് അദ്ദേഹത്തിന്റ ജീവിതം.
‘വില്‍ക്കുവാന്‍ വച്ചിരിക്കുന്ന പക്ഷികള്‍’ എന്ന തന്റെ ആദ്യ കവിത ചൊല്ലി കലാലയങ്ങളിലും തെരുവുകളിലും കള്ളുഷാപ്പുകളിലും അദ്ദേഹം നിറഞ്ഞു. പേന കൊണ്ട് ഞരമ്ബിലെ ചോരയോട്ടം കൂട്ടിച്ച കവി..ഈ വരികള്‍ക്കൊരിക്കലും മരണമില്ല. ഉള്ളിലെ കനലും. വക്കിലെ മുര്‍ച്ചയുമാണ് അനില്‍ പനച്ചൂരാനെ ജന്മനസുകളിലേക്ക് പടര്‍ത്തിയത്.തന്റെ പൂര്‍വികനായ ആറാട്ടുപുഴ വേലായുധപ്പണിക്കരെക്കുറിച്ച് വിശാലമായൊരു കാന്‍വാസില്‍ നല്ലൊരു സിനിമ അനിലിന്റെ സ്വപ്നമായിരുന്നു.അതിനായി ഒട്ടേറെ രേഖകള്‍ സമാഹരിക്കുകയും ചെയ്തിരുന്നു. ആഗ്രഹം സഫലീകരിക്കാനാകാതെ അദ്ദേഹം യാത്രയായി…