Thursday, May 16, 2024
keralaNews

കാസര്‍കോട്ട് പാണത്തൂര്‍ ബസ് അപകടം; 7 മരണം.

കാസര്‍കോട് രാജപുരം കര്‍ണാടകയില്‍ നിന്നുള്ള വിവാഹസംഘം സഞ്ചരിച്ച ബസ് പാണത്തൂര്‍ പരിയാരത്തു നിയന്ത്രണംവിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി യാത്രക്കാരായ 7 പേര്‍ മരിച്ചു. അന്‍പതോളം പേര്‍ക്കു പരുക്കേറ്റു. വളവും ഇറക്കവുമുള്ള സ്ഥലത്താണ് ബസ് മറിഞ്ഞത്. കര്‍ണാടകയിലെ പുത്തൂരിനു സമീപം ബല്‍നാടില്‍ നിന്നു കര്‍ണാടകയിലെ തന്നെ ചെത്തുകയത്ത് വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നവര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. വധുവിന്റെയും വരന്റെയും വീട് കര്‍ണാടകയിലാണെങ്കിലും കേരളത്തിലൂടെ 18 കിലോമീറ്റര്‍ സഞ്ചരിക്കണം. ഇന്നലെ രാവിലെ 11.30 നായിരുന്നു അപകടം.
ഈശ്വരമംഗലം അര്‍ധമൂലയിലെ നാരായണ നായ്കിന്റെ മകന്‍ ശ്രേയസ് (13), സുള്ള്യയിലെ ശേഷമ്മ (39), രവിചന്ദ്ര (40), ബല്‍നാടിലെ രാജേഷ് (45), പുത്തൂരിലെ സുമതി (50), ആദര്‍ശ് (14), ബണ്ട്വാളിലെ ശശിധര പൂജാരി (43) എന്നിവരാണു മരിച്ചത്. ഇതില്‍ ആദര്‍ശ്, ശശിധര പൂജാരി എന്നിവര്‍ ആശുപത്രിയിലാണ് മരിച്ചത്. മറ്റുള്ളവര്‍ സംഭവ സ്ഥലത്തും ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയിലുമാണ് മരിച്ചത്. പരുക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാണത്തൂര്‍ – സുള്ള്യ പാതയില്‍ പരിയാരം കമ്യൂണിറ്റി ഹാളിന് സമീപം ഇറക്കത്തിലായിരുന്നു അപകടം. വലിയ വളവും ഇറക്കവുമുള്ള റോഡാണ്. ബസ് ആദ്യം സമീപത്തെ കമ്യൂണിറ്റി ഹാളില്‍ ഇടിക്കുകയും പിന്നീട് തൊട്ടടുത്ത മരത്തില്‍ ഉരസിയ ശേഷം പത്തടിയോളം താഴ്ചയിലുള്ള വീടിന്റെ അടുക്കള ഭാഗത്തേക്ക് പാഞ്ഞുകയറുകയുമായിരുന്നു. വീട്ടില്‍ ആള്‍ത്താമസമുണ്ടായിരുന്നില്ല. ഗതാഗത മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കാഞ്ഞങ്ങാട് സബ്കലക്ടര്‍ ഡി.ആര്‍.മേഘശ്രീക്ക് അന്വേഷണ ചുമതല നല്‍കി. ബസില്‍ മൊത്തം 72 പേര്‍ ഉണ്ടായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.