Friday, May 10, 2024
keralaNews

കല്യാശ്ശേരിയിലെ എ.ടി.എം കവര്‍ച്ച:? പ്രതികള്‍ പിടിയില്‍

കല്യാശ്ശേരിയില്‍ എ.ടി.എമ്മുകള്‍ തകര്‍ത്ത് 25 ലക്ഷം കവര്‍ന്ന കേസ് . പ്രതികളെ ഹരിയാനയില്‍നിന്ന് പിടികൂടി.ഹരിയാനയിലെ മേവാത്ത് സ്വദേശികളായ ഷാജാദ് (33), മുബീന്‍ (35), ന്യൂമാന്‍ (36 ) എന്നിവരെയാണ് കണ്ണൂര്‍ പൊലീസ് പിടികൂടിയത്. ഇവരില്‍നിന്ന് 16 ലക്ഷം രൂപ കണ്ടെടുത്തു.ഫെബ്രുവരി 21ന് രാത്രി ഒന്നിനും നാലിനും ഇടയിലാണ് എ.ടി.എമ്മുകളില്‍ കവര്‍ച്ച നടന്നത്. ഇവര്‍ നേരത്തെയും എ.ടി.എം കവര്‍ച്ച കേസുകളില്‍ പ്രതിയാണെന്നും വിദഗ്ധ പരിശീലനം ലഭിച്ചവരാണെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു. കണ്ടെയ്‌നര്‍ ഡ്രൈവറായ ന്യൂമാെന്റ നേതൃത്വത്തിലാണ് കവര്‍ച്ച. എ.ടി.എമ്മുകളെ കുറിച്ചുള്ള വിവരം സംഘാംഗങ്ങള്‍ക്ക് കൈമാറിയത് ഇയാളാണ്. കൃത്യത്തില്‍ ഏഴുപേര്‍ ഉള്‍പ്പെട്ടതായാണ് വിവരം.

മൂന്നിടത്തും ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് കവര്‍ച്ച നടന്നതെന്നതിനാല്‍ പിന്നില്‍ ഒരേസംഘമാണെന്ന പ്രാഥമിക നിഗമനത്തിലെത്തുകയായിരുന്നു. സി.സി.ടി.വി കാമറകളും മൊബൈല്‍ഫോണുകളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ബൊലേറോ വാഹനവും കണ്ടെയ്‌നര്‍ ട്രക്കും കവര്‍ച്ചയില്‍ ഉള്‍പ്പെട്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ദേശീയപാതകളില്‍ പരിശോധന നടത്തിയിരുന്നു. ഇതിലൂടെ പ്രതികള്‍ കാസര്‍കോട് വഴി അതിര്‍ത്തി കടന്നതായി കണ്ടെത്തി.തുടര്‍ന്ന് കവര്‍ച്ച സംഘത്തെ പിന്തുടര്‍ന്നു മേവാത്ത് ജില്ലയില്‍ നിന്ന് പ്രതികളെ പിടികൂടിയത് .അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.