Sunday, May 5, 2024
keralaNewspolitics

കരുവന്നൂര്‍ കള്ളപ്പണ കേസ്:ചോദ്യം ചെയ്യലിന് എസി മൊയ്തീന്‍ ഇന്ന് ഹാജരാവില്ല

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ കള്ളപ്പണ കേസില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസി മൊയ്തീന്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവില്ല. ഇന്നും – നാളെയും ഹാജരാവാന്‍ കഴിയില്ലെന്ന് ഇഡിയെ എസി മൊയ്തീന്‍ അറിയിച്ചു. നിയമസഭാ സാമാജികര്‍ക്കുള്ള ക്ലാസില്‍ പങ്കെടുക്കണമെന്നാണ് കാരണമായി ഇഡിയെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇ ഡി ഉടന്‍ തീരുമാനമെടുക്കും. ഉടന്‍ തന്നെ എസി മൊയ്തീന് നോട്ടീസ് നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
എ സി മൊയ്തീന്‍ ഇന്നലെ രാത്രി തന്നെ വീട്ടില്‍ നിന്ന് പോയെന്ന് ബന്ധുക്കള്‍ രാവിലെ പറഞ്ഞിരുന്നു. ഇദ്ദേഹം കൊച്ചിയില്‍ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്നാണ് കരുതിയത്. എന്നാല്‍ അതുണ്ടാവില്ലെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇന്ന് ഹാജരായാല്‍ മൊയ്തീനെ ഇഡി വെറുതെ വിടില്ലെന്നും അത് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ ആരോപണം. തൃശ്ശൂര്‍ അയ്യന്തോള്‍ സഹകരണ ബാങ്കില്‍ ഇ ഡി പരിശോധന തുടരുകയാണ്. ഇന്നലെ രാവിലെ 8.15ന് തുടങ്ങിയ പരിശോധനയാണ് ഇപ്പോഴും തുടരുന്നത്. കൊള്ളപ്പലിശക്കാരന്‍ പി സതീഷ് കുമാര്‍ 40 കോടി രൂപ ബാങ്കില്‍ വെളുപ്പിച്ചെന്നാണ് വിവരം. തൃശ്ശൂര്‍ സഹകരണ ബാങ്കില്‍ 17 മണിക്കൂറോളം ഇഡി റെയ്ഡ് നീണ്ടു. പുലര്‍ച്ചെ രണ്ട് മണിയോടെ റെയ്ഡ് അവസാനിച്ചു. സതീശന്റെ അക്കൗണ്ടുകളുടെ വിവരങ്ങള്‍ തേടിയെന്നും അയ്യായിരത്തിലധികം അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഇ ഡി കൊണ്ടു പോയെന്നും ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എംകെ കണ്ണന്‍ പിന്നീട് അറിയിച്ചു.