Sunday, May 5, 2024
keralaNews

കവര്‍ച്ച:  പ്രതിയെ കുടുക്കിയത് സോപ്പ് പൊടിക്കവറും – പത്രവും

കോട്ടയം: കോട്ടയം മന്ദിരം കവലയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണവും എട്ടു ലക്ഷം രൂപയും കവര്‍ന്ന കേസില്‍ ഒരു പ്രതി അറസ്റ്റില്‍. പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശിയായ അനീഷ് ആന്റണിയാണ് (26) കോട്ടയം മന്ദിരം കവലയിലെ സുധാ ഫിനാന്‍സില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനും ആറിനുമായ നടന്ന വന്‍ കവര്‍ച്ചയിലെ ഒരു പ്രതിയെന്ന് പൊലീസ് പറയുന്നു. അനീഷിന്റെ നാട്ടുകാരനും 15ലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ മറ്റൊരാള്‍ കൂടി കവര്‍ച്ചയില്‍ നേരിട്ടു പങ്കെടുത്തെന്നും പൊലീസ് അറിയിച്ചു.
ഒളിവില്‍ പോയ കേസിലെ മുഖ്യ പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കപ്പെട്ട കവര്‍ച്ചയില്‍, പ്രതികളിലേക്കുള്ള സൂചന പൊലീസിന് കിട്ടിയത് ഒരു സോപ്പു പൊടിക്കവറില്‍ നിന്നും വര്‍ത്തമാന പത്രത്തില്‍ നിന്നുമാണ്. അനീഷിന്റെ അറസ്റ്റിന് പിന്നാലെ ഒളിവില്‍ പോയ രണ്ടാമനെ കിട്ടിയാലെ കവര്‍ന്ന പണ്ടങ്ങളെ കുറിച്ചും കൃത്യമായ വിവരം ലഭിക്കൂ എന്ന് പൊലീസ് പറഞ്ഞു. തിരുവല്ലയ്ക്കും കോട്ടയത്തിനും ഇടയിലെ അഞ്ഞൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഏറെ നാള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് പ്രതികള്‍ കവര്‍ച്ച നടത്തിയതെന്നും പൊലീസ് പറഞ്ഞു. ധനകാര്യം സ്ഥാപനം അവധിയായിരുന്ന ഓഗസ്റ്റ് 5,6 തീയതികളിലായാണ് പ്രതികള്‍ കവര്‍ച്ച നടപ്പാക്കിയതെന്നും പൊലീസ് വ്യക്തമാക്കി. ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഒരു മാസത്തോളം നീണ്ട നിരന്തര അന്വേഷണത്തിനൊടുവിലാണ് പ്രതികളിലേക്കുളള സൂചനകള്‍ പൊലീസിന് കിട്ടിയത്. കഴിഞ്ഞ 20 വര്‍ഷത്തോളമായി മന്ദിരം കവലയില്‍ സുധാ ഫിനാന്‍സ് പ്രവര്‍ത്തിച്ചു വരുന്നു. ഇപ്പോള്‍ മോഷണം നടന്ന ഈ ബില്‍ഡിങ്ങിലേക്ക് സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചിട്ട് ആറു വര്‍ഷമേ ആയിട്ടുള്ളൂ.