Monday, April 29, 2024
keralaNewspolitics

കരുവന്നൂര്‍ ഇടത് കൊള്ളയുടെ ഉദാഹരണം; പ്രധാനമന്ത്രി

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് ഇടത് കൊള്ളയുടെ ഉദാഹരണമാണെന്ന് മോദി ആരോപിച്ചു. ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിച്ചു. കരുവന്നൂര്‍ ഇടത് കൊള്ളയുടെ ഉദാഹരണം. പാവങ്ങള്‍, മധ്യവര്‍ഗം അധ്യാനിച്ച പണം സിപിഎം കൊള്ള ചെയ്ത് കാലിയാക്കി. പെണ്‍കുട്ടികളുടെ വിവാഹം മുടക്കി. ആയിരങ്ങളുടെ ജീവിതം കുഴപ്പത്തിലായി. പണമിട്ടാല്‍ പലിശ കിട്ടും അത്യാവശ്യത്തിനെടുക്കാം എന്ന് കരുതിയവരെയാണ് കബളിപ്പിച്ചത്. പലരും നിലവിളിച്ച് കൊണ്ട് സരസുവിനെ വിളിക്കുന്നുവെന്നാണ് കരുവന്നൂര്‍ കൊള്ളയില്‍ ആലത്തൂര്‍ സ്ഥാനാര്‍ത്ഥി തന്നോട് പറഞ്ഞത്. സിപിഎം മുഖ്യമന്ത്രി മൂന്ന് വര്‍ഷമായി നുണ പറയുന്നു. പണം നല്‍കും കുറ്റക്കാരെ ശിക്ഷിക്കും എന്ന് നുണ പറയുകയാണ്. എന്നാല്‍, മോദിയാണ് നടപടി എടുത്തത്. തട്ടിപ്പുകാരുടെ 90 കോടി ഇ ഡി കണ്ടുകെട്ടി. നിയമ നടപടി പൂര്‍ത്തിയാക്കി നഷ്ടപ്പെട്ടവര്‍ക്ക് വിട്ടു നല്‍കുന്നതെങ്ങനെ എന്ന് ചര്‍ച്ച ചെയ്യുകയാണിപ്പോള്‍. കരുവന്നൂരില്‍ വഞ്ചിതരായവര്‍ക്ക് പണം തിരിച്ചു നല്‍കും. അതിന് ഏതറ്റം വരെയും പോകുമെന്നും മോദി പറഞ്ഞു. ആലത്തൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കുന്നംകുളത്തെ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. വടക്കുന്നാഥന്‍, തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഗുരുവായൂര്‍ പുണ്യ ഭൂമികളെ നമിക്കുകയാണെന്ന് പറഞ്ഞാണ് മോദി പ്രസംഗം ആരംഭിച്ചത്. ബിജെപി അടുത്ത അഞ്ച് വര്‍ഷം വികസത്തിനും പാരമ്പര്യത്തിനും പ്രധാന്യം നല്‍കുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. അടുത്ത 5 കൊല്ലത്തിനുള്ളില്‍ കേരളത്തിന്റെ പാരമ്പര്യത്തെ അന്താരാഷ്ട തലത്തില്‍ ബന്ധിപ്പിക്കും. വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ കൊണ്ടുവരും. പുതിയ പാതകള്‍ കൊണ്ടുവന്ന് കേരളത്തില്‍ വലിയ വികസനം എത്തിക്കും. രാജ്യത്ത് എക്‌സ്പ്രസ് വേകളും വിമാനത്താവളങ്ങളും ഉണ്ടാകുന്നു.

ഉത്തരേന്ത്യയില്‍ ബുള്ളറ്റ് ട്രയിന്‍ യാഥാര്‍ത്ഥ്യമാക്കി. ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രയിന്‍ കൊണ്ടുവരും. മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ബുള്ളറ്റ് ട്രെയിനിന്റെ സര്‍വേ ആരംഭിക്കും.രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണിത്. നിങ്ങളുടെ കുട്ടികളുടെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് ലോകത്തിന് മുന്നില്‍ ഭാരതം ദുര്‍ബല രാജ്യമായിരുന്നു. ഇന്ന് ലോകത്തിന് മുന്നില്‍ ശക്തമായ രാജ്യം. യുദ്ധരംഗത്ത് പെട്ടു പോയവരെ മടക്കിക്കൊണ്ടുവരാന്‍ ശക്തിയുള്ള രാജ്യമാണിത്. കോവിഡ് വാക്‌സിന്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത രാജ്യമാണിത്.

പത്തു കൊല്ലം കണ്ടത് ട്രെയിലര്‍ മാത്രമാണെന്നും ഇനിയാണ് കാണാനിരിക്കുന്നതെന്നും മോദി പറഞ്ഞു. ഇനിയാണ് കാണാനിരിക്കുന്നത്.എന്‍ഡിഎ സര്‍ക്കാര്‍ ഗുരുവിന്റെ ആദര്‍ശത്തിലുറച്ച് ജോലി ചെയ്യുന്നവരാണെന്നും ജല്‍ ജീവന്‍ മിഷന് കേരളത്തില്‍ വേഗത പോരായെന്നും മോദി പറഞ്ഞു.അഴിമതിക്കാണ് ഇവിടുത്തെ സര്‍ക്കാരിന് താത്പര്യം. രാജസ്ഥാനില്‍ വെള്ളമില്ല. എന്നാല്‍, ഇവിടെ അങ്ങനെയാണോ സ്ഥിതി? എന്നെ അനുഗ്രഹിച്ചാല്‍ ഇവിടെ എല്ലാ വീടുകളിലും വെള്ളമെത്തിക്കും. ഗരീബ് കല്യാണ്‍ അന്നയോജനയിലൂടെ 1 കോടി അമ്പത് ലക്ഷം പേര്‍ക്ക് റേഷന്‍ നല്‍കുന്ന കേരളത്തില്‍ അടുത്ത 5 കൊല്ലം റേഷന്‍ തുടരും.

മത്സ്യ തൊഴിലാളി ക്ലസ്റ്റര്‍ ഉണ്ടാക്കി അവരുടെ ജീവിതം മാറ്റിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ് എന്‍ഡിഎ സര്‍ക്കാരെന്നും മോദി പറഞ്ഞു. ബിജെപി ഭരണത്തില്‍ രാജ്യം വേഗത്തില്‍ മുന്നോട്ട് പോകുകയാണെന്നും എല്‍ഡിഎഫും യുഡിഎഫും കേരളത്തെ പിന്നോട്ടടിക്കുകയാണെന്നും എല്‍ഡിഎഫ് കേന്ദ്ര പദ്ധതികള്‍ക്ക് തടസ്സം നില്‍ക്കുകയാണെന്നും മോദി പറഞ്ഞു. ഇവിടെ മാത്രമല്ല ബംഗാളിലും തൃപുരയിലും അങ്ങനെയായിരുന്നു. ഇടത് ഭരിച്ചാല്‍ ഇടതും വലതും ഒന്നുമുണ്ടാകില്ല.സമാധാന പ്രിയരായ കേരളത്തില്‍ അക്രമം സര്‍വ സാധാരണമായി. കുട്ടികള്‍ വരെ സുരക്ഷിതരല്ല. ക്യാമ്പസുകളില്‍ അക്രമം പതിവായി.

കോണ്‍ഗ്രസിന്റെ വലിയ നേതാവ് യുപിയിലെ സ്വന്തം സീറ്റില്‍ മത്സരിക്കാതെ കേരളത്തിലെത്തി. ജയിക്കാന്‍ നിരോധിത സംഘടനയുമായി കൈകോര്‍ക്കും. പക്ഷെ സഹകരണ കൊള്ളയെപ്പറ്റി മിണ്ടാട്ടമില്ല. എല്‍ഡിഎഫിനെയും യുഡിഎഫിനെയും സൂക്ഷിക്കണം ഇവിടെ രണ്ടു ചേരിയിലെന്ന് പറയുന്നവര്‍ ദില്ലിയില്‍ ഒരു പ്ലേറ്റില്‍ കഴിക്കുന്നു. ഇന്ത്യ സഖ്യമുണ്ടാക്കിയത് മോദി ഇവരുടെ കൊള്ള തകര്‍ക്കുമെന്നറിയാവുന്നതിനാല്‍ മോദിയാണിവരുടെ ശത്രു. ഞാന്‍ പാവങ്ങളെ സംരക്ഷിക്കുമെന്ന് ഉറപ്പു നല്‍കുകയാണെന്നും മോദി പറഞ്ഞു.സുരേഷ് ഗോപി ഉള്‍പ്പെടെ നാല് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും പ്രധാനമന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്നു.

പത്മജ വേണുഗോപാല്‍, നടന്‍ ദേവന്‍ തുടങ്ങിയവരും സംബന്ധിച്ചു.രാഹുല്‍ വന്നതിനേക്കാള്‍ കൂടുതല്‍ വയനാട്ടില്‍ കാട്ടാന ഇറങ്ങിയെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. പിണറായി പറയുമ്പോള്‍ കോണ്‍ഗ്രസ് സമരം നിര്‍ത്തിയില്ലെങ്കില്‍ ഫയലു പൊന്തും. ആദ്യത്തെ താമര വിരിയുന്നത് തൃശൂരിലായിരിക്കുമെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.ഏറ്റവും ശുദ്ധനായ മനുഷ്യനാണ് സുരേഷ് ഗോപിയെന്നും. ചാണകം പൂജ്യമായ വസ്തു. വിമര്‍ശിക്കുന്നവരുടെ മാതാപിതാക്കള്‍ ചാണകത്തില്‍ കിടന്നിട്ടില്ലെയന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.