Monday, April 29, 2024
keralaNewspolitics

കണ്ണൂര്‍ സ്വദേശിയായ വിമാനക്കമ്പനി മാനേജര്‍ വ്യാജ റിപ്പോര്‍ട്ടാണ് നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം :വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്ക് നേരെ നടന്ന പ്രതിഷേധത്തെക്കുറിച്ച് വിമാനക്കമ്പനി മാനേജര്‍ പൊലീസിനു നല്‍കിയ റിപ്പോര്‍ട്ടിനെതിരെ പരാതിയുമായി പ്രതിപക്ഷം. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ പേര് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താത്തത് സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്‍ഡിഗോ സൗത്ത് ഇന്ത്യ മേധാവി വരുണ്‍ ദ്വിവേദിയെ ഫോണിലൂടെ അറിയിച്ചു. പരാതി രേഖാമൂലം നല്‍കാന്‍ വരുണ്‍ ദ്വിവേദി അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫിസ് രേഖാമൂലം പരാതി നല്‍കി.

കണ്ണൂര്‍ സ്വദേശിയായ വിമാനക്കമ്പനി മാനേജര്‍ വ്യാജ റിപ്പോര്‍ട്ടാണ് നല്‍കിയതെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ മുഖ്യമന്ത്രി വിമാനത്തില്‍ ഇല്ലായിരുന്നു എന്ന് ഇ.പി.ജയരാജന്‍ മാധ്യമങ്ങളോടു പറഞ്ഞിട്ടുണ്ട്. പൊലീസ് സമ്മര്‍ദത്തിനും രാഷ്ട്രീയ സമ്മര്‍ദത്തിനും വഴങ്ങിയാണ് റിപ്പോര്‍ട്ട്. മാനേജര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സീറ്റ് ബല്‍റ്റ് ഊരാനുള്ള നിര്‍ദേശം വന്നപ്പോള്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളികളുമായി മുഖ്യമന്ത്രിയുടെ അടുത്തേക്കു ചെന്നെന്നും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്ന ആള്‍ തടഞ്ഞെന്നുമാണു വിമാനക്കമ്പനി മാനേജരുടെ റിപ്പോര്‍ട്ടിലുള്ളത്. ഇതിനുശേഷമാണ് മുഖ്യമന്ത്രി വിമാനത്തില്‍നിന്ന് പോയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇ.പി.ജയരാജന്‍ ആരാണെന്നു പ്രാഥമികമായിതന്നെ തിരിച്ചറിയുമെന്നിരിക്കെ റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിക്കാത്തതു ദുരൂഹമാണെന്നും സതീശന്‍ വ്യക്തമാക്കുന്നു.