Thursday, May 9, 2024
Local NewsNewsObituary

കണമല കാട്ടുപോത്ത് ആക്രമണം: കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം; സി.പി ജോണ്‍

കണമല. നിരന്തരമായി വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന തരത്തില്‍ 1972ലെ കേന്ദ്ര വന്യാജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അടിയന്തര നിയമസഭ സമ്മേളനം ചേരണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെന്ന് യു.ഡി.എഫ് സംസ്ഥാന സമിതി സെക്രട്ടറി സി.പി. ജോണ്‍. കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുകയായിരിന്നു അദ്ദേഹം. കൊല്ലപ്പെട്ട കര്‍ഷക കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 50 ലക്ഷം രൂപയും, ഒരു അംഗത്തിന് സര്‍ക്കാര്‍ ജോലിയും നല്‍കണം. വനാതിര്‍ത്തിയിലെ കൃഷികള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണം. ബഫര്‍ സോണ്‍ ഭൂപടത്തില്‍ വനമായി രേഖപ്പെടുത്തിയിരിക്കുന്ന എയ്ഞ്ചല്‍വാലി, പമ്പവാലി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും പ്രദേശങ്ങള്‍ ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി. ജോണ്‍ ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വിതരണം ചെയ്ത പട്ടയം റദ്ദ് ചെയ്ത് ഇപ്പോള്‍ വിതരണം ചെയ്യുന്നത് പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ നിറച്ചതു പോലേയാണെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് വിതരണം ചെയ്ത പട്ടയത്തിന്റെ പോരായ്മ എന്തെന്ന് എന്‍ ഡി എഫ് സര്‍ക്കാര്‍ വ്യക്തമാക്കണം. കണമല സെന്റ് തോമസ് പള്ളി വികാരി ഫാ.മാത്യു നിരപ്പേല്‍, എയ്ഞ്ചല്‍വാലി സെന്റ് മേരീസ് പളളി വികാരി ഫാ.ജെയിംസ് കൊല്ലംപറമ്പില്‍, പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി,ഡി.സി.സി. ജനറല്‍ സെക്രട്ടറി പ്രകാശ് പുളിക്കന്‍, സി.എം. പി. നേതാക്കളായ എന്‍ ഐ മത്തായി ,സുരേഷ് ബാബു, പി.സി. ഉലഹന്നാന്‍,പഞ്ചായത്ത് മെമ്പര്‍മാരായ മാത്യു ജോസഫ്, മറിയാമ്മ ജോസഫ്,ബഫര്‍ സോണ്‍ വിരുദ്ധ സമര സമതി ചെയര്‍മാന്‍ പി.ജെ സെബാസ്റ്റിന്‍, ഷൈന്‍ ആരീപ്പുറത്ത്, ബിജു കായ പ്ലാക്കല്‍, തോമസ് പതിപ്പള്ളില്‍ എന്നിവരുള്‍പ്പെടെ കര്‍ഷക പ്രതിനിധികളുമായി അദ്ദേഹം ചര്‍ച്ച നടത്തി.