Friday, May 3, 2024
educationkeralaNewsObituary

ശ്രദ്ധയുടെ മരണം; രണ്ടംഗ അന്വേഷണ കമ്മീഷനും നാളെ കോളേജിലേക്ക്

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനി ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട് കോളേജിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു.  ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും, സഹകരണ മന്ത്രി വിഎന്‍ വാസവനും നാളെ കോളേജില്‍ എത്തും. കോളേജ് അധികൃതരുമായി 10 മണിക്ക് ചര്‍ച്ച നടത്തും. സാങ്കേതിക സര്‍വകലാശാലയില്‍ നിന്നും രണ്ടംഗ അന്വേഷണ കമ്മീഷനും നാളെ നേരിട്ട് കോളേജിലെത്തി തെളിവെടുപ്പ് നടത്തും. ഇന്നും വിദ്യാര്‍ത്ഥികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് നടപടി. ഇക്കാര്യം മന്ത്രി ആര്‍ ബിന്ദുവാണ് അറിയിച്ചത്. ബിരുദ വിദ്യാര്‍ത്ഥി ശ്രദ്ധയുടെ ആത്മഹത്യയെ തുടര്‍ന്നുള്ള വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജ് കലുഷിതമായിരിക്കുകയാണ് . ക്യാമ്പസിനുള്ളില്‍ കയറിയ പൊലീസ്, മാനേജ്‌മെന്റ് നിര്‍ദ്ദേശ പ്രകാരം വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചെന്ന പരാതി, നാടകീയ രംഗങ്ങള്‍ക്കാണ് വഴിവച്ചത്. സര്‍ക്കാര്‍ ചീഫ് വിപ്പ് എന്‍ ജയരാജിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയും പൊളിഞ്ഞിരുന്നു. ഇതോടെയാണ് രണ്ടു മന്ത്രിമാര്‍ നാളെ ക്യാമ്പസില്‍ നേരിട്ടെത്തി ഇരു വിഭാഗവുമായും സംസാരിക്കാന്‍ തീരുമാനിച്ചത്. ചീഫ് വിപ്പിന്റെ സാന്നിധ്യത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ച പൂര്‍ത്തിയായതിന് പിന്നാലെയായിരുന്നു സമര രംഗത്തുള്ള വിദ്യാര്‍ത്ഥികളില്‍ ചിലര്‍ക്ക് നേരെ പൊലീസ് ബലപ്രയോഗം ഉണ്ടായത്.     മാനേജ്‌മെന്റും, അധ്യാപകരും നല്‍കിയ നിര്‍ദ്ദേശം അനുസരിച്ചാണ് പൊലീസ് മര്‍ദ്ദിച്ചതെന്ന ആരോപണമുയര്‍ത്തി വിദ്യാര്‍ഥികള്‍ സംഘടിച്ച് പ്രതിഷേധിച്ചു.വിദ്യാര്‍ത്ഥിനികളടക്കം താമസിക്കുന്ന ഹോസ്റ്റല്‍ പൂട്ടി ഭക്ഷണവും നിര്‍ത്തിയതും വിദ്യാര്‍ത്ഥികളില്‍ പ്രതിഷേധത്തിന് കാരണമായി. അനുനയത്തിന് ശ്രമിച്ച അധ്യാപകര്‍ക്ക് നേരെയും വിദ്യാര്‍ഥികളുടെ രോഷപ്രകടനം ഉണ്ടായി. സംഘര്‍ഷത്തിനിടെ പ്രതികരണത്തിന് നില്‍ക്കാതെ ചീഫ് വിപ്പ് മടങ്ങി. ചീഫ് വിപ്പിനെ തടഞ്ഞ വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് വിശദീകരണം. ഇന്ന് കോളേജിന് അവധി പ്രഖ്യാപിച്ചിരുന്നു. വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്നു മടക്കാനായിരുന്നു മാനേജ്‌മെന്റ് ശ്രമം. എന്നാല്‍ മാനേജ്‌മെന്റ് നിര്‍ദ്ദേശം തള്ളിക്കളഞ്ഞ് വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ തുടരുകയായിരുന്നു. സ്വാശ്രയ സ്ഥാപനങ്ങള്‍ പലതും അനാവശ്യ നിര്‍ബന്ധങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേലെ അടിച്ചേല്‍പ്പിക്കുന്നുവെന്ന് മന്ത്രി ആര്‍ ബിന്ദു ഇന്ന് കുറ്റപ്പെടുത്തിയിരുന്നു. ശ്രദ്ധ എന്ന വിദ്യാര്‍ഥിനിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കും വിധം സമ്മര്‍ദ്ദം ചെലുത്തിയ രണ്ട് അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്ന ഉറച്ച നിലപാടിലാണ് വിദ്യാര്‍ഥികള്‍. കേസ് അന്വേഷിക്കുന്ന കാഞ്ഞിരപ്പള്ളി പൊലീസ് തൃപ്പൂണിത്തുറയിലെത്തി ശ്രദ്ധയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. കെഎസ്‌യുവും – എബിവിപിയും ക്യാമ്പസിലേക്ക് നടത്തിയ മാര്‍ച്ചുകളും പൊലീസുമായുള്ള സംഘര്‍ഷത്തിലാണ് കലാശിച്ചത്.