Monday, May 20, 2024
keralaNews

ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് നിരോധിച്ചു

തിരുവനന്തപുരം: തിരുവിതാംകൂര്‍ മലബാര്‍ ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ അരളി പൂവിന്റെ ഉപയോഗം നിവേദ്യത്തിലും പ്രസാദത്തിലും ഒഴിവാക്കാന്‍ തീരുമാനിച്ചതായി ദേവസ്വം ബോര്‍ഡന്റുമാരായ പ്രസിഡന്റ് പി.എസ്. പ്രശാന്ത് – എംആര്‍ മുരളി എന്നിവര്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ക്ഷേത്രങ്ങളില്‍ പൂജയ്ക്കായി അരളി പൂവ് ഉപയോഗിക്കാം. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിവേദ്യ സമര്‍പ്പണത്തിന് തുളസി ,തെച്ചി ,റോസ എന്നീ പൂക്കള്‍ ഭക്തര്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളില്‍ നിന്ന് ഭക്തര്‍ക്ക് നേരിട്ട് കൈകളില്‍ അരളി എത്തുന്ന സാധ്യതകള്‍ ഇല്ലാതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. അരളിപ്പൂവ് ഒഴിവാക്കിയ തീരുമാനം സംബന്ധിച്ച് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്ക് കത്ത് മുഖാന്തിരം അറിയിപ്പ് നല്‍കും. നിവേദ്യ സമര്‍പ്പണ പൂജയില്‍ അരളി പൂവ് ഉപയോഗിക്കുന്നില്ലാ എന്നത് അതാത് ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസര്‍മാരും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരും ഉറപ്പ് വരുത്തണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ ഇനി മുതല്‍ അരളിപ്പൂവ് ഉപയോഗിക്കില്ല. ഇത് സംബന്ധിച്ച് ഉത്തരവ് നാളെ ഇറക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എംആര്‍ മുരളി അറിയിച്ചു.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടിക്ക് തൊട്ടുപുറകെയാണ് അരളിക്ക് മലബാര്‍ ദേവസ്വം ബോര്‍ഡ് നിരോധനം ഏര്‍പ്പെടുത്തുന്നത്.