Wednesday, May 8, 2024
keralaLocal NewsNews

കടമുറികളുടെ ലേലം ; എരുമേലി ഗ്രാമപഞ്ചായത്ത് സംവരണം പാലിച്ചില്ലെന്ന് പരാതി.

എരുമേലി:നിയമാനുസൃതമുള്ള സംവരണം പാലിക്കാതെ കടമുറികള്‍ ലേലം ചെയ്യാനുള്ള എരുമേലി ഗ്രാമപഞ്ചായത്ത് നടപടിക്കെതിരെ പരാതി. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ന്റിനുള്ളിലെ രണ്ടു കടമുറികളുടെ ലേലം സംബന്ധിച്ചാണ് എരുമേലി കനകപ്പലം സ്വദേശി ബിജു വഴിപറമ്പില്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിരിക്കുന്നത്.നാളെ രാവിലെ 11.30ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.പഞ്ചായത്തിലെ കടമുറികള്‍ ലേലം ചെയ്യുമ്പോള്‍ പട്ടിക ജാതി/പട്ടികവര്‍ഗ്ഗ സംവരണം പാലിക്കണമെന്ന് സംസ്ഥാന ഹൈക്കോടതിയുടെയും,ഓംബുഡ്‌സ്മാന്‍ന്റേയും ഉത്തരവുകളും,എരുമേലി ഗ്രാമ പഞ്ചായത്ത് മുന്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടും നിലനില്‍ക്കുമ്പോഴാണ് എരുമേലി ഗ്രാമപഞ്ചായത്ത് കടമുറികളുടെ ലേലം നടത്താന്‍ നോട്ടീസ് ഇറക്കിയിരിക്കുന്നത്. ലേലം സംബന്ധിച്ച് പഞ്ചായത്ത് പുറത്തിറക്കിയ നോട്ടീസില്‍ സംവരണം സംബന്ധിച്ച് യാതൊരു വിവരവും രേഖപ്പെടുത്തിയിട്ടില്ല.ഹൈക്കോടതിയില്‍ 8891/2010 ഉം,ഓംബുഡ്‌സ്മാന്‍ -703/2009 നമ്പറായുള്ള ഉത്തരവുകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്.രണ്ട് ഉത്തരവുകള്‍ക്കും മറുപടിയായി ഗ്രാമപഞ്ചായത്ത് മുന്‍ സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ട് നില്‍ക്കെയാണ് പഞ്ചായത്ത് കടമുറികള്‍ ലേലം തീരുമാനിച്ചിരിക്കുന്നതെന്നും ബിജു വഴിപറമ്പില്‍ പറഞ്ഞു.63 മുറികളില്‍ ആറെണ്ണമാണ് സംവരണത്തില്‍ നല്‍കേണ്ടത്.എന്നാല്‍ ഒരു കടമുറി മാത്രമാണ് നല്‍കിയിരിക്കുന്നതെന്നും ബിജു പറഞ്ഞു. തുടര്‍ന്ന് വരുന്ന ലേലങ്ങളില്‍ സംവരണം നടപ്പാക്കാമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നിലവിലുണ്ടെന്നും ബിജു പറഞ്ഞു.പഞ്ചായത്ത് വക കടമുറികള്‍ ലേലം ചെയ്യുമ്പോള്‍ പത്രങ്ങളില്‍ പരസ്യവും പഞ്ചായത്ത് നല്‍കിയിട്ടില്ലെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.നിയമാനുസൃതമുള്ള സംവരണം പാലിക്കാതെ കടമുറികള്‍ ലേലം ചെയ്യുന്നതിന് പിന്നില്‍ അഴിമതിയാണെന്നും, ലേലം മാറ്റിവെച്ച് സംവരണം പാലിക്കണമെന്നും ബിജു ആവശ്യപ്പെട്ടു.എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് -20,എരുമേലി ചന്ത -5,മുക്കൂട്ടുതറ -36,എരുമേലി കനകപ്പലം -2 എന്നിങ്ങനെ എരുമേലി ഗ്രാമപഞ്ചായത്തില്‍ 63 കടമുറികളാണ് നിലവിലുള്ളത്.ഗ്രാമപഞ്ചായത്ത് ലേലം ചെയ്യുന്ന കടമുറികള്‍ ലേലത്തില്‍ എടുക്കുന്നവര്‍ തന്നെ കച്ചവടം നടത്തണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ കടമുറികള്‍ ലേലത്തില്‍ ഏറ്റെടുക്കുന്ന പലരും വലിയ തുകയ്ക്ക് മറിച്ചു നല്‍കുകയാണെന്നും പരാതികളുണ്ട്.എന്നാല്‍ പരാതി വസ്തുത വിരുദ്ധമാണെന്നും സംവരണത്തില്‍ കടമുറി നല്‍കിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ് കുട്ടി പറഞ്ഞു.