Sunday, May 5, 2024
keralaNewspolitics

തപാല്‍ ബാലറ്റില്‍ വന്‍ അട്ടിമറി; ഉദ്യോഗസ്ഥ ലോബി ഒത്തുകളിക്കുന്നുവെന്ന് ആരോപണം

നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള മൂന്നു ലക്ഷത്തിലേറെ ഉദ്യോഗസ്ഥരുടെ തപാല്‍ ബാലറ്റില്‍ വന്‍ അട്ടിമറി. ഉദ്യോഗസ്ഥര്‍ക്കു മുന്‍കൂട്ടി വോട്ടു രേഖപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത്തവണ ഏര്‍പ്പെടുത്തിയ ഫെസിലിറ്റേഷന്‍ സെന്റര്‍ സംവിധാനം നടപ്പാക്കിയില്ല. സര്‍വീസ് സംഘടനകള്‍ക്കു വോട്ടുകളില്‍ യഥേഷ്ടം തിരിമറി നടത്താന്‍ സൗകര്യം നല്‍കുന്ന പഴയ രീതി തന്നെ പിന്തുടരാന്‍ ഉദ്യോഗസ്ഥ ലോബി ഒത്തുകളിക്കുകയാണെന്നാണ് ആരോപണം.പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരില്‍നിന്ന് ആദ്യഘട്ട പരിശീലന സമയത്തു തപാല്‍ ബാലറ്റ് അപേക്ഷകള്‍ സ്വീകരിക്കുകയും രണ്ടാംഘട്ട പരിശീലനത്തിന് എത്തുമ്പോഴോ അല്ലെങ്കില്‍ പോളിങ് സാധന വിതരണ കേന്ദ്രങ്ങളിലോ ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കി തപാല്‍ ബാലറ്റില്‍ വോട്ട് ഉടനടി രേഖപ്പെടുത്താന്‍ അവസരം ഒരുക്കാനുമാണ് എല്ലാ ഭരണാധികാരികളോടും കമ്മിഷന്‍ നിര്‍ദേശിച്ചത്. ഇതിനു കഴിയാത്തവര്‍ക്കു മാത്രം 24 മണിക്കൂറിനകം റജിസ്റ്റേര്‍ഡ് തപാലില്‍ (കൈപ്പറ്റ രസീത് ഉള്‍പ്പെടെ) തപാല്‍ ബാലറ്റുകള്‍ അയയ്ക്കാനും ആവശ്യപ്പെട്ടു. ഭരണാധികാരികളുടെ ഓഫിസുകളില്‍ തപാല്‍ വോട്ട് നിക്ഷേപിക്കുന്ന പതിവു സംവിധാനമായ ഡ്രോപ് ബോക്‌സ് പാടില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു.

ജീവനക്കാരുടെ തപാല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ സര്‍വീസ് സംഘടനകള്‍ കൈക്കലാക്കി വോട്ടു രേഖപ്പെടുത്തുന്നതായ പരാതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും ലഭിച്ചതിനെ തുടര്‍ന്നാണു പുതിയ സംവിധാനം ഒരുക്കിയത്. എന്നാല്‍, തപാല്‍ ബാലറ്റ് അപേക്ഷകള്‍ സര്‍വീസ് സംഘടനാ നേതാക്കളുടെ നേതൃത്വത്തില്‍ ശേഖരിച്ചു കൂട്ടത്തോടെ രേഖപ്പെടുത്താനുള്ള നടപടികള്‍ പല സര്‍ക്കാര്‍ ഓഫിസുകളിലും സംസ്ഥാനത്താകെ ആരംഭിച്ചു കഴിഞ്ഞു. ഇടതു സംഘടനകളാണ് ഇതില്‍ മുന്‍പന്തിയില്‍.തപാല്‍ ബാലറ്റിനുള്ള അപേക്ഷകളില്‍ ഉദ്യോഗസ്ഥരുടെ വീട്ടുവിലാസമാണു രേഖപ്പെടുത്തേണ്ടതെങ്കിലും ഇതു തിരുത്തി ഓഫിസിന്റെതാക്കുന്ന നടപടികളും നടക്കുന്നു. ഫെസിലിറ്റേഷന്‍ സെന്റര്‍ സംബന്ധിച്ച അറിയിപ്പുകളൊന്നും അധികൃതര്‍ നല്‍കുന്നുമില്ല. എന്നാല്‍, അവശ്യ സര്‍വീസ് മേഖലയിലുള്ള ജീവനക്കാരില്‍ പോളിങ് സ്റ്റേഷനില്‍ പോയി വോട്ട് രേഖപ്പെടുത്താന്‍ സാധിക്കാത്തവര്‍ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഏര്‍പ്പെടുത്തിയ തപാല്‍ വോട്ടിങ് സംസ്ഥാനത്ത് 28 മുതല്‍ 30 വരെ നിശ്ചയിച്ച സ്ഥലങ്ങളില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പൊലീസ്, ഫയര്‍ ഫോഴ്‌സ് പോലുള്ള സേനകളിലുള്ളവര്‍ക്കാണ് ഇത്.