Monday, May 6, 2024
indiaNewspolitics

കോണ്‍ഗ്രസ് നാല്പത് സീറ്റെങ്കിലും നേടാന്‍ പ്രാര്‍ത്ഥിക്കുന്നു: നരേന്ദ്രമോദി

ദില്ലി: രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ രാജ്യത്തിന്റെ ആത്മവിശ്വാസമാണ് പ്രകടമായതെന്നും – ‘ജാതിയുടെയും ഭാഷയുടെയും പേരില്‍ രാജ്യത്തെ വിഭജിച്ചും തീവ്രവാദവും വിഘടനവാദവും രാജ്യത്ത് തഴച്ചുവളരാന്‍ അനുവദിച്ചവരുമാണ് കോണ്‍ഗ്രസെന്നും രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കോണ്‍ഗ്രസ് നാല്പത് സീറ്റെങ്കിലും നേടുമെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന് മോദി പറഞ്ഞു. തെക്കേ ഇന്ത്യ വിഭജിക്കുന്നതിനെക്കുറിച്ചാണ് കോണ്‍ഗ്രസ് സംസാരിക്കുന്നത്. ഇന്ത്യയുടെ മണ്ണ് വിദേശ ശക്തികള്‍ക്ക് സമ്മാനിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സ്വാതന്ത്ര്യത്തിനു ശേഷവും അടിമത്ത മനോഭാവം കോണ്‍ഗ്രസ് തുടര്‍ന്നു. എന്തു കൊണ്ട് ബ്രിട്ടീഷുകാരുടെ ശിക്ഷ നിയമം മാറ്റിയില്ലെന്നും മോദി ചോദിച്ചു.

രാജ്യസഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.  ‘2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 40 കടക്കാന്‍ കഴിയില്ലെന്ന വെല്ലുവിളി പശ്ചിമ ബംഗാളില്‍ നിന്ന് ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, നിങ്ങള്‍ക്ക് 40 എണ്ണം ഉറപ്പാക്കാന്‍ കഴിയട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അധികാരക്കൊതിയില്‍ ജനാധിപത്യത്തെ പരസ്യമായി കഴുത്തുഞെരിച്ചു കൊന്നവരാണ് കോണ്‍ഗ്രസ് പാര്‍ട്ടി. ഡസന്‍ കണക്കിന് തവണ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ പിരിച്ചുവിട്ട കോണ്‍ഗ്രസ്. രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യത്തിന്റെ അന്തസ്സിനെയും ജയിലില്‍ നിര്‍ത്തിയ കോണ്‍ഗ്രസ്.

പത്രങ്ങള്‍ പൂട്ടാന്‍ ശ്രമിച്ച കോണ്‍ഗ്രസ്. രാജ്യത്തെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ആഖ്യാനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. അങ്ങനെയുള്ള കോണ്‍ഗ്രസാണ് ജനാധിപത്യത്തെക്കുറിച്ച് നമ്മളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്”. വടക്കുകിഴക്കന്‍ മേഖലയെ അവര്‍ പിന്നോക്കാവസ്ഥയിലേക്ക് തള്ളിവിട്ടു. നക്‌സലിസം വളര്‍ത്തി. രാജ്യത്തിന്റെ ഭൂമി ശത്രുക്കള്‍ക്ക് കൈമാറുക മാത്രമല്ല, സൈന്യത്തെ നവീകരിക്കാനും കോണ്‍ഗ്രസ് തയ്യാറായില്ല. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ 10 വര്‍ഷത്തിനുള്ളില്‍ 12-ല്‍ നിന്ന് അഞ്ചാം സ്ഥാനത്തേക്ക് ഞങ്ങള്‍ കൊണ്ടുവന്നു.

ഒബിസിക്ക് പൂര്‍ണ സംവരണം നല്‍കാത്ത, പൊതുവിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് സംവരണം നല്‍കാത്ത കോണ്‍ഗ്രസ്, അംബേദ്കറെ ഭാരതരത്‌നയ്ക്ക് പോലും പരിഗണിച്ചില്ല. അങ്ങനെയുള്ളവരാണ് ഞങ്ങള്‍ക്ക് ക്ലാസ് എടുക്കുന്നത്. നയത്തിലും നേതാവിലും ഒരു ഗ്യാരണ്ടിയുമില്ലാത്ത കോണ്‍ഗ്രസാണ് മോദിയുടെ ഗ്യാരണ്ടിയില്‍ ചോദ്യം ഉന്നയിക്കുന്നത്”- പ്രധാനമന്ത്രി പറഞ്ഞു.ജവഹര്‍ലാല്‍ നെഹ്‌റു സംവരണത്തെ എതിര്‍ക്കുകയാണ് ചെയ്തത്. ജമ്മുകശ്മീരിലെ പിന്നാക്ക വിഭാഗങ്ങളുടെ അധികാരം പുന:സ്ഥാപിച്ചത് ബിജെപിയാണ്.

ബിആര്‍ അംബേദ്ക്കര്‍ക്ക് ഭാരത രത്‌ന നല്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. പിന്നാക്ക വിഭാഗത്തില്‍ പെടുന്ന സീതാറാം കേസരിയെ കോണ്‍ഗ്രസ് തെരുവില്‍ എറിഞ്ഞു. ആദിവാസി മഹിള രാഷ്ട്രപതിയാകുന്നതിനെ കോണ്‍ഗ്രസ് എതിര്‍ത്തുവെന്നും മോദി പറഞ്ഞു. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ പ്രസംഗം ഏറെ നേരമ്പോക്ക് നല്‍കിയെന്നും മോദി പരിഹസിച്ചു. കമാന്‍ഡര്‍ ദില്ലിയില്‍ ഇല്ലാത്തതു കൊണ്ടാണ് ഖര്‍ഗെയ്ക്ക് ഇത്ര സ്വാതന്ത്ര്യം കിട്ടിയത്. 400 സീറ്റ് കിട്ടുമെന്ന് അനുഗ്രഹിച്ചതിന് ഖര്‍ഗെയ്ക്ക് നന്ദിയുണ്ട്. തന്റെ ശബ്ദത്തിന് ജനങ്ങള്‍ കരുത്ത് നല്‍കിയെന്നും മോദി പറഞ്ഞു.

ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, എയര്‍ ഇന്ത്യ തുടങ്ങിയവയെ തകര്‍ത്തത് കോണ്‍ഗ്രസ് ആണ്. എല്‍ഐസിയുടെ ഓഹരി വില ഇന്ന് റെക്കോഡിലെത്തി. 234 നിന്ന് പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം 254 ആയി. രാഹുല്‍ ഗാന്ധി ഇതു വരെ സ്റ്റാര്‍ട്ടാകാത്ത സ്റ്റാര്‍ട്ടപ്പാണെന്നും മോദി പരിഹസിച്ചു. സംസ്ഥാനങ്ങളുമായി സഹകരിക്കുന്ന നയമാണ് കേന്ദ്രത്തിന്റെത്. കൊവിഡ് കാലത്ത് മുഖ്യമന്ത്രിമാരുമായി ചേര്‍ന്ന് ഒരു ടീമായാണ് പ്രവര്‍ത്തിച്ചത്. സംസ്ഥാനങ്ങളുടെ വികസനമാണ് രാജ്യത്തിന്റെ വികസനം.

വിദേശ നേതാക്കളെ വിവിധ സംസ്ഥാനങ്ങളിലേക്ക് ക്ഷണിക്കുന്നു. രാജ്യത്തെ വെട്ടിമുറിക്കുന്ന ഭാഷ ഉപയോഗിക്കുന്നത് വേദനാജനകമാണ്. രാജ്യത്തിന്റെ ഭാവിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഭാഷ ചിലര്‍ ഉപയോഗിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.