Tuesday, May 21, 2024
educationkeralaNews

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കണ്ണൂര്‍ ജേതാക്കള്‍

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ കണ്ണൂര്‍ ജില്ല ഓവറോള്‍ ജേതാക്കള്‍. അവസാന നിമിഷം വരെ നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കോഴിക്കോടിനെ പിന്നിലാക്കിയാണ് കണ്ണൂര്‍ ജില്ല ഒന്നാമതായത്. മൂന്ന് പോയിന്റ് വ്യത്യാസത്തിലായിരുന്നു നേട്ടം. ഒന്നാം സ്ഥാനക്കാര്‍ക്കുള്ള സ്വര്‍ണക്കപ്പ് കണ്ണൂരിലേക്ക് എത്തുന്നത് 23 വര്‍ഷത്തിന് ശേഷമാണ്.

അടുത്തവര്‍ഷം മുതല്‍ കലോത്സവം പുതിയ മാനുവല്‍ അനുസരിച്ചാവും നടത്തുകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. അവസാന ദിവസം 952 പോയിന്റ് നേടിയാണ് കണ്ണൂര്‍ ജില്ല ഒന്നാമതായത്. കോഴിക്കോടിന് 949 പോയിന്റാണ് നേടാനായത്. ഇന്നലെ മത്സരം അവസാനിച്ചപ്പോള്‍ കോഴിക്കോടിന് 896 പോയിന്റും കണ്ണൂരിന് 892 പോയിന്റുമാണ് ഉണ്ടായിരുന്നത്. ഇന്ന് നടന്ന 10 മത്സരങ്ങളിലെ പോയിന്റ് നിലയില്‍ മുന്നേറാന്‍ സാധിച്ചത് കണ്ണൂര്‍ ജില്ലയ്ക്ക് 23 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ സഹായിച്ചു.

നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിള്‍ ജാസ് തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് വേദിയില്‍ നടന്നത്. പാലക്കാട് ജില്ലയാണ് മൂന്നാം സ്ഥാനത്ത് എത്തിയത്. മമ്മൂട്ടി മുഖ്യാതിഥിയായെത്തി സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഉദ്ഘാടനം ചെയ്തത്. മന്ത്രി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.ജയപരാജയങ്ങള്‍ കലാപ്രവര്‍ത്തനത്തെ ബാധിക്കരുതെന്ന് സമ്മാന വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ നടന്‍ മമ്മൂട്ടി കുട്ടികളോട് പറഞ്ഞു.