Sunday, April 28, 2024
keralaNews

ഓട്ടം വിളിച്ച ഓട്ടോറിക്ഷ കത്തിച്ചു ;ഡ്രൈവറെ കൊലപ്പെടുത്താനും ശ്രമം; കാഞ്ഞിരപ്പളളി സ്വദേശി പിടിയില്‍

കോട്ടയം: ഓട്ടോറിക്ഷ ഓട്ടം വിളിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ കത്തിച്ചു. ഇന്നലെ രാത്രി 9.30 ന് കോട്ടയം മെഡിക്കല്‍ കോളജിന് സമീപം മുടിയൂര്‍ക്കര മെന്‍സ് ഹോസ്റ്റലിന് അടുത്തായിരുന്നു സംഭവം. ഓട്ടോ ഡ്രൈവര്‍ പൈക സ്വദേശി അഖിലിനാണ് പരിക്കേറ്റത്. സംഭവത്തില്‍ കാഞ്ഞിരപ്പളളി സ്വദേശി പിടിയില്‍.പൈകയില്‍ നിന്നാണ് ഓട്ടം വിളിച്ചത്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുളള ഭാര്യയെ കാണാന്‍ പോകണമെന്ന് പറഞ്ഞായിരുന്നു യാത്ര. എന്നാല്‍ മുടിയൂര്‍ക്കര ജംഗ്ഷനിലെത്തിയപ്പോള്‍ ഹോസ്റ്റലിന് സമീപമുളള എ ടൈപ്പ് ക്വാര്‍ട്ടേഴ്സ് റോഡിലേക്ക് വണ്ടി വിടാന്‍ ആവശ്യപ്പെട്ടു. ഇവിടെ ആളൊഴിഞ്ഞ ഭാഗത്ത് എത്തിയതോടെ പെട്ടന്ന് അഖിലിന്റെ കഴുത്തില്‍ പിടിമുറുക്കിയ യുവാവ് അക്രമത്തിന് തുനിയുകയായിരുന്നു.കൈ തട്ടിമാറ്റി പുറത്തിറങ്ങി ഓടിയ അഖില്‍ തൊട്ടടുത്ത കടയിലെത്തി വിവരം പറഞ്ഞു. പോലീസിലും അറിയിച്ചു. ഇതിനിടെ യുവാവ് ഓട്ടോറിക്ഷ കത്തിക്കുകയായിരുന്നു.പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും ഇയാള്‍ക്ക് പൊളളലേറ്റിരുന്നതിനാല്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.