Friday, May 10, 2024
keralaNews

ഏഴ് മാസം വിതരണം ചെയ്യാതിരുന്ന അരി ഒരുമിച്ച് കുട്ടികള്‍ക്ക്..

സ്‌കൂള്‍ കുട്ടികള്‍ വഴി 25 കിലോ വരെ അരി വീടുകളിലേക്കെത്തിക്കാനുള്ള സര്‍ക്കാര്‍ നീക്കം വിവാദം. ഉച്ചക്കഞ്ഞി അലവന്‍സായി കഴിഞ്ഞ ഏഴുമാസം വിതരണം ചെയ്യാതിരുന്ന അരിയാണ് ഒരുമിച്ചു വിതരണം ചെയ്യുന്നത്. ഇത് തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായതിനാല്‍ വോട്ട് സ്വാധീനിക്കാനുള്ള നീക്കമാണെന്നാണു പ്രതിപക്ഷവാദം. അധ്യയന വര്‍ഷം തീരുന്ന മാര്‍ച്ച് 31നു മുന്‍പ് അരികൊടുത്തു തീര്‍ക്കേണ്ടതിനാലാണ് ഇപ്പോള്‍ത്തന്നെ വിതരണം ചെയ്യുന്നതെന്നാണു വിദ്യാഭ്യാസവകുപ്പിന്റെ നിലപാട്. എന്നാല്‍ ഈ അരിവിതരണത്തിന്റെ ഉത്തരവില്‍ത്തന്നെ പിന്നാലെ കിറ്റുകള്‍ വിതരണത്തിനെത്തുമെന്നും പറയുന്നു.11 തരം ഭക്ഷ്യവസ്തുക്കളും അരിയും അടങ്ങുന്ന കിറ്റ് തയാറാക്കല്‍ പൂര്‍ത്തിയായിട്ടില്ല. ഒരുമിച്ചു വിതരണം ചെയ്യുന്നതിനു പകരം അരിമാത്രം തിരക്കിട്ടു വിതരണം ചെയ്യുന്നതാണ് ആരോപണത്തിന് ഇടയാക്കിയത്. ഏഴുമാസം സ്‌കൂളുകളിലെ അരി വിതരണം തടഞ്ഞുവച്ച് ഇപ്പോള്‍ ഒരുമിച്ചു നല്‍കിയത് മനപ്പൂര്‍വമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.തമിഴ്‌നാട് ശൈലിയില്‍ സൗജന്യങ്ങള്‍ നല്‍കി വോട്ടു പിടിക്കുന്ന രീതിയാണു സര്‍ക്കാര്‍ പിന്തുടരുന്നതെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും തിരഞ്ഞെടുപ്പു കമ്മിഷന് അധ്യാപക സംഘടനകള്‍ പരാതി നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ ഉച്ചക്കഞ്ഞിക്ക് അര്‍ഹതയുള്ള വിദ്യാര്‍ഥികളില്‍ പ്രീപ്രൈമറി ക്ലാസുകാര്‍ക്ക് 5 കിലോ, എല്‍പി സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 15 കിലോ, ആറുമുതല്‍ എട്ടുവരെ ക്ലാസുകള്‍ (അപ്പര്‍ പ്രൈമറി) 25 കിലോ എന്ന രീതിയിലാണ് അരി നല്‍കുന്നത്. സ്‌കൂളുകളില്‍ ചാക്ക് കണക്കിന് അരി കൂട്ടിയിട്ടിരിക്കുകയാണ്. പല സ്‌കൂളുകളും വിതരണം തുടങ്ങി.

കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഈ മാര്‍ച്ച് വരെയുള്ള ഏഴുമാസ കാലയളവില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഭക്ഷ്യഭദ്രതാ അലവന്‍സ് എന്ന പേരിലാണ് അരിവിതരണം. മാര്‍ച്ചില്‍ത്തന്നെ വിതരണം പൂര്‍ത്തിയാക്കണമെന്ന കര്‍ശന നിര്‍ദേശവും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസില്‍ നിന്നു പുറത്തിറക്കിയ ഉത്തരവിലുണ്ട്. ഏപ്രില്‍ ആറിനാണു തിരഞ്ഞെടുപ്പ്.പ്രൈമറി, പ്രീപ്രൈമറി സ്‌കൂളുകളില്‍ കുട്ടിയൊന്നിന്700 രൂപയും അപ്പര്‍ പ്രൈമറിയില്‍ കുട്ടിയൊന്നിന്1200 രൂപയും പാചകച്ചെലവ് ഇനത്തില്‍ നല്‍കുന്നുണ്ട്. കോവിഡ് മൂലം സ്‌കൂള്‍ അടച്ചിട്ടിരുന്നതിനാല്‍ ഉപയോഗിക്കാത്ത ഈ തുക കൊണ്ടാണു കിറ്റ് തയാറാക്കുന്നത്. കിറ്റ് പൂര്‍ത്തിയാക്കി വിതരണം നടക്കുമ്പോള്‍ തിരഞ്ഞെടുപ്പു കഴിയും. അരിവിതരണ വിവരം മാവേലി സ്റ്റോറുകള്‍ സ്‌കൂളുകളിലേക്കും സ്‌കൂളുകളില്‍ നിന്നു വീടുകളിലേക്കും വാട്‌സാപ് സന്ദേശമായി കൈമാറുന്നുണ്ട്.