Saturday, May 4, 2024
keralaNewsUncategorized

എരുമേലി വിമാനത്താവളം: റണ്‍വേ പരിശോധിക്കാനുള്ള മണ്ണ് എടുക്കാന്‍ യന്ത്രങ്ങള്‍ സ്ഥാപിച്ചു തുടങ്ങി

എരുമേലി: നിര്‍ദ്ദിഷ്ട എരുമേലി വിമാനത്താവള പദ്ധതിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചെറുവള്ളി തോട്ടത്തിലെ റണ്‍വേ പരിശോധിക്കാനുള്ള മണ്ണ് എടുക്കാനുള്ള യന്ത്രങ്ങള്‍ സ്ഥാപിച്ചു തുടങ്ങി. യന്ത്രങ്ങള്‍ സ്ഥാപിക്കുന്ന ജോലി ഇന്ന് പൂര്‍ത്തിയായാല്‍ നാളെ മുതല്‍ കുഴികള്‍ എടുക്കാനാകുമെന്നും അധികൃതര്‍ പറഞ്ഞു. തോട്ടത്തിലെ കമ്പി ലയത്തിലെ മുസ്ലീം പള്ളിക്ക് സമീപവും – കാരിത്തോട് അഞ്ചുകുഴി ദേവീക്ഷേത്രത്തിന് സമീപവുമായാണ് ആദ്യ ഘട്ടത്തില്‍ കുഴികളെടുക്കുന്നതിനുള്ള യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതെന്നും സൂപ്പര്‍വൈസര്‍ നവീന്‍ പറഞ്ഞു. 20 അടി താഴ്ചയിലാണ് നിര്‍ദ്ദിഷ്ട ഏഴ് കുഴികളും എടുക്കുന്നത്. ചെറുവള്ളി തോട്ടത്തിന്റെ മധ്യഭാഗത്ത് കൂടി കിഴക്ക് – പടിഞ്ഞാറ് ദിശയില്‍ മൂന്ന് കിലോമീറ്റര്‍ വിമാനത്താവള പദ്ധതിക്കായി റണ്‍വേ കണ്ടെത്തിയ സ്ഥലത്ത് ഇന്നലെ മണ്ണ് പരിശോധനക്കായി പെഗ് മാര്‍ക്ക് അടയാളപ്പെടുത്തിയിരുന്നു.ഏഴ് സ്ഥലങ്ങളിലായാണ് ഇത്തരത്തില്‍ മണ്ണ് പരിശോധിക്കുന്നത്. ഇപ്പോള്‍ മാര്‍ക്ക് ചെയ്ത രണ്ട് സ്ഥലത്താണ് കുഴിയെടുക്കുന്നത്. അഞ്ച് പേരടങ്ങുന്ന രണ്ട് സംഘങ്ങളുടെ നേതൃത്വത്തിലാണ് കുഴികളെടുക്കുന്നത്.റണ്‍വേയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തോട്ടത്തിന് പുറത്ത് ഏതെങ്കിലും ഒരു ഭാഗത്ത് കൂടി മണ്ണ് പരിശോധിക്കേണ്ടി വരുമെന്നും അധികൃതര്‍ പറഞ്ഞു. ഇതിനായി റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ഇവര്‍ പറഞ്ഞു.പരിശോധനക്കാവശ്യമായ മണ്ണ് എടുക്കാന്‍ മൂന്ന് ദിവസം വരെ സമയമെടുക്കുന്നതിനാല്‍ മണ്ണ് പരിശോധന ആഴ്ചകള്‍ വേണ്ടിവരുമെന്നും ഇവര്‍ പറഞ്ഞു. സ്വകാര്യ കള്‍ട്ടന്‍സി ഏജന്‍സിയായ ലൂയിസ് ബര്‍ഗാണ് മണ്ണ് പരിശോധന നടത്തുന്നത്. മണ്ണെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായാല്‍ ഒരു മാസത്തിനുള്ളില്‍ പരിശോധന റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഏജന്‍സി അധികൃതര്‍ പറഞ്ഞു.എടുക്കുന്ന മണ്ണ് മുംബൈയിലെ ലാബിലാണ് പരിശോധിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. തോട്ടത്തിലെ റണ്‍വേയുടെ നിര്‍മ്മാണം സംബന്ധിച്ച് ഡ്രോണ്‍ ഉപയോഗിച്ച് നേരത്തെ റണ്‍വേ അടയാളപ്പെടുത്തിയിരുന്നു.  തിരുവല്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിലിവേഴ്‌സ് ചര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള എരുമേലി ചെറുവള്ളി എസ്റ്റേറ്റിലാണ് വിമാനത്താവള പദ്ധതിക്കായി നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. വിമാനത്താവളം പദ്ധതിക്കായി മതിയായ രേഖകളില്ലാതെ മണ്ണ് പരിശോധനക്കെത്തിയ സംഘത്തെ തോട്ടം മാനേജ് മെന്റ് കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു . ഇതിന് ശേഷം കളക്ടറുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വിവിധ വകുപ്പ് മേധാവികളുടെ സാന്നിദ്ധ്യത്തില്‍ പെഗ് മാര്‍ക്ക് തുടങ്ങിയത്.