Tuesday, April 30, 2024
indiaNewsSports

ലോക വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

ഇസ്താംബൂള്‍: ലോക വനിതാ ബോക്സിംഗില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം.ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നിഖാത് സറീനിന് സ്വര്‍ണം. ഇന്ത്യന്‍ താരത്തിന് വനിതകളുടെ 52 കിലോ വിഭാഗത്തിലാണ് സ്വര്‍ണം.

തായ്ലാന്‍ഡിന്റെ ജുതാമസ് ജിറ്റ്പോംഗിനെ പരാജയപ്പെടുത്തിയാണ് ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം സ്വര്‍ണം നേടിയിരിക്കുന്നത്. ഇന്ത്യ നേടുന്ന പത്താം സ്വര്‍ണമാണിത്.

ബോക്സിംഗില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം ലഭിക്കുന്നത് നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ്. ഒടുവില്‍ ഇന്ത്യയുടെ അഭിമാന താരം മേരി കോമാണ് ഈ വിഭാഗത്തില്‍ സ്വര്‍ണം നേടിയത്. 2018ലായിരുന്നു മേരി കോം ഇത് നേടിയത്. ലോക ബോക്സിംഗില്‍ മേരി കോം ആറ് തവണ സ്വര്‍ണം നേടിയിട്ടുണ്ട്.

തായ്ലാന്‍ഡിന്റെ ജുതാമസ് ജിറ്റ്പോംഗിനെ എതിരില്ലാത്ത അഞ്ച് പോയിന്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ അഭിമാനമായ നിഖാത് സറീന്‍ വിജയം കൈവരിച്ചത്. സെമിയില്‍ ബ്രസീലിന്റെ കരോളിലയെ പരാജയപ്പെടുത്തിയായിരുന്നു നിഖാത് ഫൈനലിലെത്തിയത്.

വനിതകളുടെ ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വനിതയാണ് നിഖാത് സറീന്‍. മേരി കോം കൂടാതെ സരിതാ ദേവി, ജെന്നി ആര്‍ എല്‍, ലേഖ കെസി എന്നിവരാണ് ലോക ബോക്സിംഗില്‍ ഇതിന് മുമ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ വനിതകള്‍.

അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പ് ഇത്തവണ തുര്‍ക്കിയിലെ ഇസ്താംബൂളിലാണ് അരങ്ങേറിയത്. മെയ് എട്ടിന് തുടങ്ങിയ മത്സരം 20ന് അവസാനിക്കും.